വിവാദ ബിജെപി എം.എൽ.എ രാജാസിങ്ങിന് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നിഷേധിച്ച് പൊലീസ്
രാജാ സിങ് നയിക്കുന്ന രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറച്ചിരുന്നു.
ഹൈദരാബാദ്: രാമനവമി ദിനത്തിൽ ഘോഷയാത്ര നടത്താൻ വിവാദ ബിജെപി എം.എൽ.എ ടി രാജാ സിങ്ങിന് സിറ്റി പൊലീസ് അനുമതി നിഷേധിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഘോഷയാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അനുമതിക്കായുള്ള രാജാ സിങ്ങിന്റെ അപേക്ഷ തള്ളിയതായി പൊലീസ് അറിയിച്ചു.
ഫെബ്രുവരി 14നാണ് രാജാ സിങ് ഹൈദരാബാദ് പൊലീസ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാൽ സീതാരാംബാഗ് ക്ഷേത്രത്തിൽ നിന്നുള്ള മറ്റ് പ്രധാന ഘോഷയാത്രകൾ പതിവുപോലെ നടക്കും.
2010 മുതൽ താൻ ശ്രീരാമനവമി ശോഭാ യാത്ര നടത്തുകയാണെന്നും ഈ വർഷം മാത്രമാണ് അജ്ഞാത കാരണത്താൽ പൊലീസ് അനുമതി നിഷേധിച്ചതെന്നും രാജാ സിങ് പ്രതികരിച്ചു. പൊലീസിനെ വെല്ലുവിളിച്ചും രാജാ സിങ് രംഗത്തെത്തി. എന്തു വിലകൊടുത്തും ശോഭായാത്ര ആകാശ് പുരി ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുമെന്നും ആർക്കും തടയാനാകില്ലെന്നുമാണ് എം.എൽ.എയുടെ വാദം.
പ്രവാചക നിന്ദയടക്കം നിരവധി മതവിദ്വേഷ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധനായ ബിജെപി നേതാവാണ് രാജാ സിങ്. വിദ്വേഷ പ്രസംഗം നടത്തിയതിന് രാജാ സിങ്, മഹാരാഷ്ട്ര എം.എൽ.എ നിതേഷ് റാണെ എന്നീ ബി.ജെ.പി നിയമസഭാംഗങ്ങൾക്കെതിരെ ജനുവരിയിൽ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. സോലാപൂരിൽ 'ഹിന്ദു ജൻ ആക്രോശ്' യാത്രയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.
മുസ്‌ലിം വ്യാപാരികളെ ഹിന്ദുക്കൾ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നേരത്തെ ബിജെപി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാളുടെ സസ്‌പെൻഷൻ പിൻവലിച്ച് ഘോഷാമഹൽ മണ്ഡലത്തിൽ മത്സരിപ്പിക്കുകയായിരുന്നു.
അതേസമയം, രാജാ സിങ് നയിക്കുന്ന രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറച്ചിരുന്നു. സിദ്ദ്യാംബർ ബസാർ പള്ളിയാണ് മൂടിയത്. റാലിക്കിടെയുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
Adjust Story Font
16