30 ലക്ഷത്തിന്‍റെ ഡയമണ്ട് മോതിരം ബ്യൂട്ടിപാര്‍ലറില്‍ മറന്നു; പരാതിയായപ്പോള്‍ ജീവനക്കാരി ടോയ്‍ലറ്റില്‍ ഉപേക്ഷിച്ചു
അന്വേഷണത്തിനിടെ പ്ലംബറുടെ സഹായത്തോടെ കമോഡുമായി ബന്ധിപ്പിക്കുന്ന പൈപ്പ്ലൈനിൽ നിന്ന് മോതിരം പൊലീസ് കണ്ടെടുത്തു
പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ബ്യൂട്ടിപാര്‍ലറില്‍ ഉപഭോക്താവ് മറന്നുവച്ച 30.69 ലക്ഷത്തിന്‍റെ വജ്ര മോതിരം പരാതിയായപ്പോള്‍ ജീവനക്കാരി ടോയ്‍ലറ്റില്‍ ഉപേക്ഷിച്ചു. ഹൈദരാബാദിലെ സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക്കിലെ ഒരു വനിതാ ജീവനക്കാരിയാണ് പിടിക്കപ്പെടുമെന്ന് ഭയന്ന് മോതിരം ടോയ്‍ലറ്റിലിട്ട് ഫ്ലഷ് ചെയ്തത്.
അന്വേഷണത്തിനിടെ പ്ലംബറുടെ സഹായത്തോടെ കമോഡുമായി ബന്ധിപ്പിക്കുന്ന പൈപ്പ്ലൈനിൽ നിന്ന് മോതിരം പൊലീസ് കണ്ടെടുത്തു. തുടർന്ന് ജീവനക്കാരിയെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ജൂബിലി ഹില്‍സിലെ ആഡംബര ക്ലിനികില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. മുടി മുറിക്കാനായി എത്തിയതായിരുന്നു യുവതി. മുടി മുറിക്കുന്നതിനു മുന്‍പായി ആഭരണങ്ങള്‍ ഊരി മാറ്റണമെന്ന് ജീവനക്കാരി യുവതി തെറ്റിദ്ധരിപ്പിച്ച് മോതിരം ഊരി അവിടെയുള്ള പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ മുടി മുറിച്ചു കഴിഞ്ഞപ്പോള്‍ മോതിരത്തിന്‍റെ കാര്യം മറന്ന് യുവതി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷമാണ് ക്ലിനിക്കിൽ വെച്ച് മോതിരം മറന്നുപോയതായി പരാതിക്കാരി മനസ്സിലാക്കിയതെന്നും ജീവനക്കാരോട് അതിനെക്കുറിച്ച് അന്വേഷിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും മോതിരം മോഷ്ടിച്ചതായി ക്ലിനികിലെ ജീവനക്കാരി സമ്മതിക്കുകയും ചെയ്തു. പൊലീസിന്റെ പിടിയിലാകുമെന്ന് ഭയന്നാണ് മോതിരം ക്ലിനികിലെ ടോയ്‍ലറ്റില്‍ എറിഞ്ഞതെന്ന് യുവതി പറഞ്ഞു.
Adjust Story Font
16