രണ്ട് രൂപക്ക് ഹൈദരാബാദി ബിരിയാണി; ഭക്ഷണപ്രേമികളെ ഞെട്ടിച്ച് ഒരു ഹോട്ടല്‍
ഈ ബിരിയാണി കിട്ടാൻ ചില നിബന്ധനകളും റെസ്‌റ്റോറെന്റ് ഉടമകൾ വെച്ചിട്ടുണ്ട്
ഹൈദരാബാദ്: ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ബിരിയാണി. ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി, ഫിഷ് ബിരിയാണി തുടങ്ങി പേര് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടുന്ന നിരവധി ബിരിയാണി വെറൈറ്റികളുണ്ട്. എന്നാൽ ബിരിയാണിയുടെ ഇടയിലെ രാജാവ് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഹൈദരബാദി ബിരിയാണി. ലോകപ്രശസ്തമായ ഹൈദരാബാദി ബിരിയാണി രണ്ടുരൂപക്ക് വിൽക്കുകയാണ് ഒരു റെസ്റ്റോറെന്റ് ശൃംഖല. പക്ഷേ ഈ ബിരിയാണി കിട്ടാൻ ചില നിബന്ധനകളും റെസ്‌റ്റോറെന്റ് ഉടമകൾ വെച്ചിട്ടുണ്ട്.
നായിഡു ഗാരി കുന്ദ ബിരിയാണി എന്ന മൾട്ടി ക്യുസിൻ റസ്‌റ്റോറന്റ് ശൃംഖലയാണ് രണ്ട് രൂപക്ക് ബിരിയാണി വിൽക്കുന്നത്. ഇവരുടെ വിവിധ ഔട്ട്‌ലെറ്റുകളിൽ ഹൈദരാബാദി ബിരിയാണി രണ്ട് രൂപക്ക് ലഭിക്കും. എന്നാൽ ഈ ബിരിയാണ് കിട്ടാൻ നൽകേണ്ടത് ഇപ്പോൾ സർവസാധാരണയായി ഉപയോഗിക്കുന്ന രണ്ടുരൂപയല്ല. പഴയ രണ്ടു രൂപ നോട്ടാണ്. ആളുകൾ ഇപ്പോഴും ആ പഴയ രണ്ടുരൂപ നോട്ടുകൾ കൈവശം വെക്കുന്നുണ്ടോയെന്ന് അറിയാനുള്ള കൗതുകത്തിൽ നിന്നാണ് ഇത്തരമൊരു ഓഫർ നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് റസ്റ്റോറന്റ് അധികൃതർ വ്യക്തമാക്കുന്നു. തങ്ങളുടെ ഓഫറിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും നൂറിലധികം ഭക്ഷണപ്രേമികൾ ഇതുവരെ ഓഫർ പ്രയോജനപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്ന് ശാഖകളാണ് ഹൈദരാബാദിൽ ഹോട്ടലിനുള്ളത്. കെ.പി.എച്ച്.ബി, ഗച്ചിബൗളി, ദിൽസുഖ്‌നഗർ. ഇതിൽ കെ.പി.എച്ച്.ബി ഔട്ട്ലെറ്റിൽ മാത്രമാണ് രണ്ട് രൂപ ബിരിയാണി ഓഫർ ലഭ്യമാവുക. നേരത്തേയും വ്യത്യസ്തമായ ഓഫറുകൾ നൽകി ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ബാഹുബലി താലി 30 മിനിറ്റിൽ കഴിച്ചു തീർത്താൽ പണം നൽകേണ്ട എന്ന ഓഫറും ഇപ്പോൾ നിലവിലുണ്ട്. 30 ലധികം ഇനങ്ങളാണ് താലിയിൽ ഉൾപ്പെടുന്നത്. 1,999 രൂപയാണ് താലയുടെ യഥാർഥ വില. എന്നാൽ ഏഴ് പേർ മാത്രമാണ് തങ്ങളുടെ ഈ ഓഫർ പ്രയോജനപ്പെടുത്തിയതെന്ന് റെസ്റ്റൊറന്റ് അധികൃതർ പറയുന്നു.
Adjust Story Font
16