വിവാഹിതരല്ലാത്ത 'കപ്പിള്‍'സിന് നോ എന്‍ട്രി; വിവാദമായപ്പോള്‍ പാര്‍ക്കിലെ ബോര്‍ഡ് മാറ്റി
പൊതുസ്ഥലത്ത് പരസ്യമായി മാന്യമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുവെന്ന് കാട്ടി നിരവധി കുടുംബങ്ങള്‍ പരാതി നല്‍കിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്.
കാമുകീകാമുകന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഹൈദാരാബാദ് ദൊമൽഗുഡ ഇന്ദിരാ പാര്‍ക്ക് അധികൃതരുടെ നടപടി വിവാദമായി. വിവാഹിതരല്ലാത്ത പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് പ്രവേശനം നിഷേധിച്ചത്. പ്രണയിതാക്കള്‍ക്ക് പാര്‍ക്കിനകത്ത് പ്രവേശനമില്ലെന്ന ബോര്‍ഡും പാര്‍ക്കില്‍ സ്ഥാപിച്ചിരുന്നു. സംഭവം വിവാദമായതോടെ ബോര്‍ഡ് അധികൃതര്‍ മാറ്റുകയായിരുന്നു.
പൊതുസ്ഥലത്ത് പരസ്യമായി മാന്യമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുവെന്ന് കാട്ടി നിരവധി കുടുംബങ്ങള്‍ പരാതി നല്‍കിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്. സാമൂഹ്യപ്രവര്‍ത്തകയായ മീര സംഗമിത്ര ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ(GHMC)മേയറെ ടാഗ് ചെയ്തു ട്വീറ്റു പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. പാര്‍ക്കിന്‍റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് മീര ട്വീറ്റു ചെയ്തു. ''ഇന്ദിരാ പാര്‍ക്ക് മാനേജ്മെന്‍റിന്‍റെ ഏറ്റവും പുതിയതും താഴ്ന്ന തരത്തിലുള്ളതുമായ സദാചാര പൊലീസിംഗ്. ലിംഗഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ പറ്റുന്ന പൊതു ഇടമാണ് ഒരു പാര്‍ക്ക്. എങ്ങനെയാണ് 'വിവാഹം' പ്രവേശനത്തിനുള്ള മാനദണ്ഡമാകുന്നത്. ഇത് തികച്ചും ഭരണഘടനാവിരുദ്ധമാണ്'' മീരയുടെ ട്വീറ്റില്‍ പറയുന്നു. ട്വീറ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ട്വീറ്റിനോട് പ്രതികരിച്ച ജി.എച്ച്.എം.സി ബാനർ നീക്കം ചെയ്യുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
പാർക്കിൽ ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാൻ പാർക്ക് പതിവായി സന്ദർശിക്കാനും ജാഗ്രത പാലിക്കാനും ലോക്കൽ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.''അത്തരമൊരു ബാനറിനെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ അതു നീക്കം ചെയ്തു. ഞങ്ങളുടെ അറിവോടെയല്ല ആ ബോര്‍ഡ് സ്ഥാപിച്ചത്'' ജിഎച്ച്എംസി സെക്കന്തരാബാദ് സോണൽ കമ്മീഷണർ ബി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.
New low & new level of moral policing by Indira Park Mgmt in Hyd! A public park is an open space for all law abiding citizens, including consenting couples across genders. How can 'marriage' be criteria for entry! @GHMCOnline & @GadwalvijayaTRS this is clearly unconstitutional. pic.twitter.com/4rNWo2RHZE
— Meera Sanghamitra (@meeracomposes) August 26, 2021
Adjust Story Font
16