'മണ്‍കുടിലില്‍ കഴിഞ്ഞിട്ടുണ്ട്, റിക്ഷ വലിച്ചിട്ടുണ്ട്'; പട്ടിണിക്കാലം ഓര്‍ത്തെടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്
കര്‍ഷകര്‍ക്ക് വൈദ്യുതിയും കുടിവെള്ളവും സൗജന്യമായിരിക്കുമെന്ന് ചരണ്‍ജിത്ത് സിങ് പ്രഖ്യാപിച്ചു. പാവപ്പെട്ടവരുടെ വൈദ്യുതി, കുടിവെള്ള ബില്‍ കുടിശ്ശിക എഴുതിത്തള്ളുന്നതടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്
പഞ്ചാബിന്റെ ആദ്യ ദലിത് മുഖ്യമന്ത്രിയായ ചരണ്‍ജിത്ത് സിങ് ഛന്നി ഇന്ന് അധികാരമേറ്റു. തീര്‍ത്തും സാധാരണ കുടുംബത്തില്‍നിന്ന് ഉയര്‍ന്നുവന്ന അടിസ്ഥാന വിഭാഗത്തിന്‍റെ പള്‍സറിയുന്ന നേതാവാമ് ചരണ്‍ജിത്ത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് ഇറക്കിയ സര്‍പ്രൈസ് ശരിക്കും അടിത്തട്ടില്‍ ഇളക്കമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
താനൊരു സാധാരണക്കാരനാണെന്നും പാവങ്ങളുടെ പ്രതിനിധിയാണുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ചരണ്‍ജിത്തിന്‍റെ തുടക്കം. സാധാരണ കുടുംബ പശ്ചാത്തലം ഓര്‍മിപ്പിച്ച അദ്ദേഹം ഇന്ന് പട്ടിണിയുടെ പൂര്‍വകാലവും അനുസ്മരിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തും ചരണ്‍ജിത്തിനൊപ്പമുണ്ടായിരുന്നു.
ഞാനൊരു വെറും ആം ആദ്മിയാണ്. ആര്‍ക്കും എന്നെ അറിയുമായിരുന്നില്ല. തലയ്ക്കുമുകളില്‍ ഒരു മേല്‍ക്കൂര പോലുമില്ലാതെയാണ് ഞാന്‍ ജീവിച്ചത്. അമ്മ കെട്ടിയുണ്ടാക്കിയ മണ്‍കുടിലിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ജീവിക്കാനായി റിക്ഷ വലിച്ച അനുഭവവും തനിക്കുണ്ട്- ചരണ്‍ജിത്ത് ഓര്‍ത്തെടുത്തു.
ഇന്ന് കോണ്‍ഗ്രസ് ഒരു പാവപ്പെട്ട മനുഷ്യനെ ആദരിച്ചിരിക്കുകയാണ്. പഞ്ചാബിനുവേണ്ടി സേവനം ചെയ്യാനുള്ള അവസരമാണ് കോണ്‍ഗ്രസ് എനിക്ക് നല്‍കിയിരിക്കുന്നത്. പാവങ്ങളെയാണ് ഞാന്‍ പ്രതിനിധീകരിക്കുക. ഭരണത്തില്‍ ജാതിക്കും നിറത്തിലും വര്‍ഗത്തിനുമൊന്നും പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഓഫീസുകളും സെക്രട്ടറിയേറ്റും ഇനി പാവപ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന തരത്തിലേക്ക് മാറുമെന്നും ചരണ്‍ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയാകും പ്രവര്‍ത്തിക്കുകയെന്നും പഞ്ചാബിലുടനീളം സന്ദര്‍ശനം നടത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.
'കര്‍ഷകര്‍ക്ക് വൈദ്യുതിയും കുടിവെള്ളവും സൗജന്യം; പാവപ്പെട്ടവരുടെ കുടിശ്ശിക എഴുതിത്തള്ളും'
മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിറകെ ജനപ്രിയ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട് ചരണ്‍ജിത്ത് സിങ് ഛന്നി. വൈദ്യുതി, കുടിവെള്ള ബില്ലുകളില്‍ കുടിശ്ശികകള്‍ എഴുതിത്തള്ളുമെന്നതാണ് ഏറ്റവും വലിയ പ്രഖ്യാപനം. നിര്‍ധന വിഭാഗങ്ങളില്‍നിന്നുള്ള കുടുംബങ്ങളുടെ ബില്ലുകളാണ് എഴുതിത്തള്ളുക. ബില്ലടക്കാത്തതു കാരണം വൈദ്യുദി, ജലവിതരണ ബന്ധം വിച്ഛേദിക്കപ്പെട്ടത് പുനസ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഇതോടൊപ്പം കര്‍ഷകര്‍ക്ക് ഇനിമുതല്‍ വൈദ്യുതിയും കുടിവെള്ളവും സൗജന്യമായിരിക്കുമെന്നും ചരണ്‍ജിത്ത് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകരെ താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഒരുക്കമാണെന്നും ചരണ്‍ജിത്ത് സിങ് വ്യക്തമാക്കി.
Punjab CM Shri Charanjit Singh Channi Ji's 1st press conference. #कांग्रेस_दे_नाल_पंजाब pic.twitter.com/gkN0tEKB1L
— Punjab Congress (@INCPunjab) September 20, 2021
ക്യാപ്റ്റനെ മറന്നില്ല
ഇന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് പങ്കെടുത്തിരുന്നില്ല. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന് നന്ദി പറയാന്‍ ചരണ്‍ജിത്ത് മറന്നില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, നവജ്യോത് സിങ് സിദ്ദു, കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവര്‍ക്കെല്ലാം അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പാര്‍ട്ടിക്കും സംസ്ഥാനത്തിനും വേണ്ടി അമരീന്ദര്‍ സിങ് നല്‍കിയ സംഭാവനകള്‍ തുല്യതയില്ലാത്തതാണെന്നു പറഞ്ഞ ചരണ്‍ജിത്ത് പാര്‍ട്ടിയാണ് ഏറ്റവും വലുതെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്നും വലുതല്ല. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവുമായി തന്നെ മുന്നോട്ടുപോകും. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പ്രയത്‌നിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16