മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്‌നങ്ങളില്ല; മനസ് തുറന്ന് സിദ്ധരാമയ്യ
മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്.
ബംഗളൂരു: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്. എന്നാൽ അദ്ദേഹവുമായി അതിന്റെ പേരിൽ പ്രശ്‌നങ്ങളില്ലെന്നും ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ പറഞ്ഞു.
''100 ശതമാനവും ഞാൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിൽ ഒരു തെറ്റുമില്ല''-സിദ്ധരാമയ്യ പറഞ്ഞു.
മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്ര ആയിരിക്കും എതിർ സ്ഥാനാർഥിയെന്നാണ് സൂചന.
കർണാടകയിൽ കോൺഗ്രസ് പാർട്ടി വലിയ ഐക്യത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഡി.കെ ശിവകുമാറുമായി പ്രശ്‌നങ്ങളില്ല. അദ്ദേഹത്തിനും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അതിൽ ഒരു തെറ്റുമില്ല. തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എമാരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സിദ്ധരാമയ്യ പറഞ്ഞു.
തന്റെ അവസാന തെരഞ്ഞെടുപ്പാണ് ഇതെന്നും ഇനി മത്സരിക്കാനില്ലെന്നും സിദ്ധരാമയ്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മെയ് 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13-നാണ് വോട്ടെണ്ണൽ. ഇത്തവണ കർണാടകയിൽ അധികാരം പിടിക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
Adjust Story Font
16