Quantcast

ഞാൻ ജനങ്ങൾക്ക് പ്രിയങ്കരനാണ്, എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിൽ ബി.ജെ.പി ദുഃഖിതരാണ്: അരവിന്ദ് കെജ്രിവാൾ

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ചുവടെടുത്തുവെച്ച ബി.ജെ.പി നേതാക്കൾ ആംആദ്മിയെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയെന്നാണ് വിശേഷിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-08 14:01:46.0

Published:

8 Nov 2022 1:53 PM GMT

ഞാൻ ജനങ്ങൾക്ക് പ്രിയങ്കരനാണ്, എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിൽ ബി.ജെ.പി ദുഃഖിതരാണ്: അരവിന്ദ് കെജ്രിവാൾ
X

ന്യൂഡൽഹി: ജനങ്ങൾക്ക് പ്രിയങ്കരനായ നേതാവാണ് താനെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. തനിക്ക് ലഭിക്കുന്ന സ്നേഹം ബിജെപിക്ക് ദുഃഖമുണ്ടാക്കിയെന്നും കെജ്രിവാൾ ആരോപിച്ചു. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഡൽഹി കോർപ്പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ചുവടെടുത്തുവെച്ച ബി.ജെ.പി നേതാക്കൾ ആംആദ്മിയെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയെന്നാണ് വിശേഷിപ്പിച്ചത്. ''പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കെജ്രിവാൾ തീവ്രവാദിയാണെന്ന് പറഞ്ഞു. ആഭ്യന്തര മന്ത്രി അന്വേഷണം നടത്തി, എന്താണ് സംഭവിച്ചത്? കെജ്രിവാൾ ഒരു തീവ്രവാദിയാണെങ്കിൽ, അഴിമതിക്കാരനാണെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ,''- കെജ്രിവാൾ ട്വീറ്റിൽ പറഞ്ഞു. 250 വാർഡുകളുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ഡിസംബർ 4 നാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 7 ന് വോട്ടെണ്ണലും നടക്കും.

2015ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ എഎപി 2017ലെ കോർപറേഷൻ തിരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അക്കുറിയും ബിജെപിയെയാണ് ഡൽഹി തുണച്ചത്. നോർത്ത് ഡൽഹിയിലെ 104 സീറ്റിൽ 64 എണ്ണവും ബിജെപി നേടിയപ്പോൾ സൗത്ത് ഡൽഹിയിൽ 70 സീറ്റും നേടി. ഈസ്റ്റ് ഡൽഹിയിൽ 64ൽ 47 സീറ്റാണു ബിജെപി നേടിയത്. കഴിഞ്ഞ 15 വർഷമായി ബിജെപിയാണു കോർപറേഷനിൽ ഭരണത്തിലുള്ളത്. 2007ൽ ഏകീകൃത ഡൽഹി കോർപറേഷനായിരുന്ന ഘട്ടത്തിലാണ് ബിജെപി ആദ്യം അധികാരത്തിലെത്തുന്നത്. 2012ൽ 3 കോർപറേഷനുകളാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തി.

TAGS :

Next Story