'ആ രാഹുല്‍ ഗാന്ധി ഇന്നില്ല, ഞാന്‍ കൊന്നു'
പ്രതിച്ഛായ തന്റെ പരിഗണനാ വിഷയമല്ലെന്ന് രാഹുൽ ഗാന്ധി
കുരുക്ഷേത്ര: തനിക്ക് പ്രതിച്ഛായയെ കുറിച്ച് ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര രാഹുലിന്‍റെ പ്രതിച്ഛായ മാറ്റിയോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"രാഹുൽ ഗാന്ധി നിങ്ങളുടെ മനസ്സിലാണ്. ഞാന്‍ ആ രാഹുലിനെ കൊന്നു. അയാള്‍ ഇനി അവിടെ ഇല്ല. എന്റെ മനസ്സിൽ ഒട്ടും ഇല്ല. അയാള്‍ പോയി" എന്നാണ് രാഹുല്‍ പറഞ്ഞത്.
''നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയെ അല്ല. നിങ്ങള്‍ക്ക് അത് മനസ്സിലായിട്ടില്ല. ഹിന്ദു പുരാണങ്ങള്‍ വായിക്കൂ. ശിവനെ കുറിച്ച് വായിക്കൂ. നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ ഞെട്ടേണ്ടതില്ല. രാഹുല്‍ ഗാന്ധി നിങ്ങളുടെ തലയ്ക്കുളളിലാണ്, എന്‍റേതല്ല. അയാള്‍ ബി.ജെ.പിയുടെ തലയ്ക്കകത്താണ്, എന്‍റേതല്ല''- രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിച്ഛായ തന്റെ പരിഗണനാ വിഷയമല്ല. നിങ്ങൾക്ക് എന്ത് പ്രതിച്ഛായയും- നല്ലതോ ചീത്തയോ ആകട്ടെ തന്നില്‍ ചാര്‍ത്താമെന്നും അദ്ദേഹം ഹരിയാനയിലെ കുരുക്ഷേത്രയില്‍ വെച്ച് പറഞ്ഞു.
കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിനും രാഹുൽ ഗാന്ധി മറുപടി നല്‍കി. ഇത്തരം ചോദ്യങ്ങള്‍ ഭാരത് ജോഡോ യാത്രയെ വഴിതെറ്റിക്കാൻ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങൾ കാണുന്ന രാഹുൽ അല്ല താൻ. ബി.ജെ.പി കാണുന്ന രാഹുലും അല്ല. താനിപ്പോള്‍ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചിന്തിക്കുന്നില്ല. താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കിൽ ഹിന്ദു ധർമ്മം പഠിക്കണമെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു.
ഭാരത് ജോഡോ യാത്രക്കിടെ നേരത്തെയും രാഹുല്‍ സമാന പ്രതികരണം നടത്തിയിരുന്നു. "വർഷങ്ങൾക്ക് മുമ്പ് ഞാൻ രാഹുൽ ഗാന്ധിയെ വിട്ടയച്ചു. രാഹുൽ ഗാന്ധി നിങ്ങളുടെ മനസ്സിലാണ്. അത് മനസിലാക്കാന്‍ ശ്രമിക്കുക".
ആർ.എസ്.എസുകാര്‍ 21ആം നൂറ്റാണ്ടിലെ കൗരവര്‍
ആർ.എസ്.എസുകാരാണ് 21ആം നൂറ്റാണ്ടിലെ കൗരവരെന്നും രാഹുൽ ഗാന്ധി പറഞ്ഞു- "രാജ്യത്തെ രണ്ടുമൂന്ന് ശതകോടീശ്വരന്മാർ കൗരവർക്കൊപ്പമുണ്ട്. അവർ കാക്കി ട്രൗസർ ധരിക്കുകയും ലാത്തി പിടിക്കുകയും ശാഖകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ്. പാണ്ഡവർ നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും നടപ്പാക്കിയിരുന്നില്ല. കാരണം അവർ തപസ്വികളായിരുന്നു. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, കാർഷിക നിയമങ്ങൾ എന്നിവ ഈ നാട്ടിലെ തപസ്വികളിൽ നിന്ന് മോഷ്ടിക്കാനുള്ള മാർഗമാണെന്ന് അവർക്ക് അറിയാമായിരുന്നു. പാണ്ഡവർ അനീതിക്കെതിരെ നിലകൊണ്ടിരുന്നു, അവരും വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നിരുന്നു". ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണ് ആർ.എസ്.എസിന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Summary- Rahul Gandhi said he had "killed Rahul Gandhi" and was not bothered about his image, emphasising that the Bharat Jodo yatra should not be about him.
Adjust Story Font
16