'ഒരു സൈക്കിൾ പോലും എനിക്കില്ല, ദാരിദ്ര്യം അറിഞ്ഞാണ് ഞാൻ ജീവിച്ചത്': പ്രധാനമന്ത്രി നരേന്ദ്ര മോദി
10 വർഷത്തെ സേവനത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ കണ്ണിൽ ഒരു വോട്ട് ബാങ്ക് മാത്രമേയുള്ളൂ, അത് മുസ്ലീം വോട്ട് ബാങ്കാണ്. കോൺഗ്രസിന്റെ ഈ നയം കാരണം എല്ലാവരും കഷ്ടപ്പെടുന്നു. ബി.ജെ.പി ആരോടും വിവേചനം കാണിക്കുന്നില്ല. 25 വർഷമായി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ജനങ്ങളെ സേവിക്കുന്ന തന്റെ പേരിൽ ഒരു അഴിമതി പോലും ആരോപിക്കപ്പെട്ടിട്ടില്ല. തന്റെ 10 വർഷത്തെ സേവനത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അദ്ദേഹം പറഞ്ഞു.
സ്വന്തമായി വീടോ സൈക്കിളോ തനിക്കില്ലെന്നും ദാരിദ്ര്യം അറിഞ്ഞാണ് താൻ ജീവിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടിയുടെ നേതാക്കൾ സ്വന്തം കുടുംബത്തിനു വേണ്ടിയാണ് സമ്പാദിക്കുന്നത്. മോദിയുടെ കണ്ണീരിലാണ് രാജകുമാരൻ സന്തോഷം തിരയുന്നതെന്ന് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷമായി അദ്ദേഹം വിമർശനം ഉന്നയിച്ചു.
ഹേമന്ത് സോറന്റെ അറസ്റ്റിനെയും അദ്ദേഹം ന്യായികരിച്ചു. ജാർഖണ്ഡിനെ കൊള്ളയടിച്ചവർ ഇപ്പോൾ വിചാരണ നേരിടുകയാണ്. അഴിമതിക്കാരായ നേതാക്കളെ നിയമം വെറുതെ വിടില്ലെന്നും ജാർഖണ്ഡിലെ ലോഹർദാഗയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ മോദി പറഞ്ഞു.
Adjust Story Font
16