Quantcast

'കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് ഞാൻ പറഞ്ഞിട്ടേയില്ല'; കേന്ദ്ര കൃഷിമന്ത്രി

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വൻ പരിഷ്‌കാരമായിരുന്നു അവ

MediaOne Logo

Web Desk

  • Published:

    26 Dec 2021 4:49 AM GMT

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് ഞാൻ പറഞ്ഞിട്ടേയില്ല; കേന്ദ്ര കൃഷിമന്ത്രി
X

നാഗ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽവെച്ച് കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സൂചന നൽകിയിരുന്നു.എന്നാൽ ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കിയതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി.

കാർഷിക നിയമങ്ങൾ വീണ്ടും നടപ്പിലാക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഭേദഗതിയായിരുന്നു കാർഷിക നിയമത്തിലൂടെ നടപ്പിലാക്കിയതെങ്കിലും ചില കാരണങ്ങൾ കൊണ്ട് അത് പിൻവലിക്കേണ്ടി വന്നു. കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നാണ് താൻ പറഞ്ഞതെന്നും തോമർ വ്യക്തമാക്കി.

മന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് നിയമം പിൻവലിച്ചതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ വീണ്ടും നടപ്പിലാക്കുമെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രതിപക്ഷവും കർഷക സംഘടനകളും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്.

ഞങ്ങൾ കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നു. പക്ഷെ, ചില ആളുകൾക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വൻ പരിഷ്‌കാരമായിരുന്നു അവ. എന്നാൽ സർക്കാരിന് നിരാശയില്ല. ഞങ്ങൾ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങൾ വീണ്ടും മുന്നോട്ടുപോകും, കാരണം കർഷകരാണ് ഇന്ത്യയുടെ നട്ടെല്ല്, എന്നായിരുന്നു തോമർ കഴിഞ്ഞ ദിവസം പറഞ്ഞത്. ലക്ഷക്കണക്കിന് കർഷകരുടെ ഒരുവർഷത്തിലധികം നീണ്ട പ്രതിഷേധത്തിന്റെ ഫലമായാണ് മൂന്ന് വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

TAGS :

Next Story