വളര്‍ത്തുനായക്ക് നടക്കാന്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐ.എ.എസ് ഓഫീസറെ ലഡാക്കിലേക്കും ഭാര്യയെ അരുണാചലിലേക്കും സ്ഥലം മാറ്റി
നായക്ക് നടക്കാൻ വേണ്ടി ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് സഞ്ജീവ് ഒഴിപ്പിച്ചത്
ഡല്‍ഹി: വളർത്തു നായക്ക് നടക്കാൻ ഡല്‍ഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. നായക്ക് നടക്കാൻ വേണ്ടി ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് സഞ്ജീവ് ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. സഞ്ജീവും ഭാര്യയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഡല്‍ഹി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാർ.
സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകിട്ട് ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഐ.എ.എസുകാരന്‍റെ നായക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ഇവർ ആരോപിച്ചു. എന്നാൽ, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിന് ശേഷം കായിക താരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.
സംഭവം വിവാദമായതിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കളിക്കാർക്കും അവരുടെ പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നിടാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു.
Adjust Story Font
16