Quantcast

ഐഎഎസ് ഓഫീസറുടെ പട്ടിയെ കാണാതായി; പോസ്റ്റർ പതിച്ചും പാരിതോഷികം പ്രഖ്യാപിച്ചും പൊലീസിന്റെ വ്യാപക തെരച്ചിൽ

മാർച്ച് 31നാണ് ഉദ്യോ​ഗസ്ഥന്റെ നായയെ കാണാതാവുന്നത്. ​ഇദ്ദേഹത്തിന്റെ രണ്ട് നായ്ക്കളെ അന്ന് രാത്രി ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    3 April 2023 2:55 PM

ഐഎഎസ് ഓഫീസറുടെ പട്ടിയെ കാണാതായി; പോസ്റ്റർ പതിച്ചും പാരിതോഷികം പ്രഖ്യാപിച്ചും പൊലീസിന്റെ വ്യാപക തെരച്ചിൽ
X

ഗ്വാളിയോർ: ആളുകളെ കാണാതാവുമ്പോൾ തെരുവിലെ ചുവരുകളിൽ അവരുടെ ഫോട്ടോയടക്കം പോസ്റ്റർ പതിച്ച് പൊലീസ് തെരച്ചിൽ നടത്തുന്ന സംഭവം പതിവാണ്. എന്നാൽ ഒരു പട്ടിക്ക് വേണ്ടി പൊലീസ് അത്തരമൊരു നീക്കം നടത്തിയാലോ? അതെ, അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു. മധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് സംഭവം.

​ഗ്വാളിയോറിലെ ബിലൗവ പ്രദേശത്ത് താമസിക്കുന്ന ഒരു ഐഎഎസ് ഓഫീസറുടെ വളർത്തു നായയെ ആണ് കാണാതായത്. തുടർന്ന് പൊലീസ് സേനയാകെ പട്ടിയെ കണ്ടെത്താൻ ഇറങ്ങുന്ന അവസ്ഥ! പട്ടിയുടെ ചിത്രവും ഉടമയുടെ പേരും ഉൾപ്പെടുത്തി പോസ്റ്റർ പതിച്ചിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ വൈറലാണ്.

പട്ടിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'അറിയിപ്പ്- ഈ നായയെ കാണാനില്ല. വിവരം നൽകുന്നവർക്ക് അർഹമായ പാരിതോഷികം നൽകുന്നതാണ്. ബന്ധപ്പെടേണ്ടത്: പവൻ ​ഗായക്വാർ' എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. ഇതോടൊപ്പം ഉടമയുടെ മൊബൈൽ നമ്പരുകളും നൽകിയിട്ടുണ്ട്.

മാർച്ച് 31നാണ് ഉദ്യോ​ഗസ്ഥന്റെ നായയെ കാണാതാവുന്നത്. ​ഇദ്ദേഹത്തിന്റെ രണ്ട് നായ്ക്കളെ അന്ന് രാത്രി ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോവുകയായിരുന്നു. നായ്ക്കളെ കൊണ്ടുപോയ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ബിലൗവയ്ക്ക് സമീപമുള്ള ഒരു ധാബയിൽ കാർ നിർത്തി. ജീവനക്കാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ട് നായ്ക്കളും കാറിൽ നിന്ന് ചാടി രക്ഷപ്പെട്ടു. തെരച്ചിലിനൊടുവിൽ ഒരു നായയെ ജീവനക്കാർ പിടികൂടിയെങ്കിലും മറ്റൊന്നിനെ കണ്ടെത്താനായില്ല.

ഇതോടെ മുഴുവൻ ജീവനക്കാരും തെരച്ചിൽ നടത്തിയെങ്കിലും നായയെ എവിടെയും കണ്ടെത്താനായില്ല. തുടർന്ന് ജീവനക്കാർ ഐഎഎസ് ഉദ്യോഗസ്ഥനെ വിളിച്ച് സംഭവം അറിയിച്ചു. അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. ഗ്വാളിയോർ മൃഗശാലയിൽ നിന്നുള്ള ജീവനക്കാരെയും വണ്ടിയിൽ കയറ്റി പൊലീസ് നായയെ തെരയാൻ തുടങ്ങി. എന്നാൽ കണ്ടെത്താനാവാത്തതോടെ പ്രദേശത്തെ ധാബകളിൽ തിരോധാന പോസ്റ്ററുകൾ പതിക്കുകയായിരുന്നു.

"ചിലർ ബിലൗവ ഏരിയയിലെ ഒരു ധാബയിൽ വന്നപ്പോൾ അവരുടെ നായ കാറിൽ നിന്ന് ചാടി രക്ഷപ്പെട്ടു. അവർ ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്ക് പോവുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്യുകയും സമീപത്തെ റെസ്റ്റോറന്റുകളിലും കടകളിലും അറിയിക്കുകയും ചെയ്തിട്ടുണ്ട്"- ദബ്ര പൊലീസ് സബ് ഡിവിഷണൽ ഓഫീസർ വിവേക് ​​ശർമ പറഞ്ഞു.

TAGS :

Next Story