എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം
സഭയുടെ അന്തസ്സ് നിലനിർത്താൻ, സസ്‌പെൻഷൻ എന്ന നിർദേശം മുന്നോട്ടുവെയ്ക്കാന്‍ സർക്കാർ നിർബന്ധിതമായെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി
രാജ്യസഭയിലെ 12 എംപിമാരെ ഈ സമ്മേളന കാലയളവ് തീരും വരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാം എന്നാണ് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.
"സഭയുടെ അന്തസ്സ് നിലനിർത്താൻ, സസ്‌പെൻഷൻ എന്ന നിർദേശം മുന്നോട്ടുവെയ്ക്കാന്‍ സർക്കാർ നിർബന്ധിതമായി. എന്നാൽ ഈ 12 എംപിമാർ അവരുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാൽ, തുറന്ന ഹൃദയത്തോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്"- പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് നടപടി. പെഗാസസ് ചാരവൃത്തിയിൽ അന്വേഷണവും പാർലമെന്‍റില്‍ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 എംപിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിർത്തുന്നത്. കഴിഞ്ഞ സമ്മേളന കാലത്തെ സംഭവത്തിന്‍റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ശിക്ഷിക്കാൻ കഴിയില്ലെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന പി ഡി ടി ആചാരി പറഞ്ഞു.
പ്രിവിലേജ് കമ്മിറ്റി മുഖേനയും അംഗങ്ങൾക്ക് എതിരെ നടപടിയെടുക്കാം. പക്ഷേ കമ്മിറ്റിക്ക് മുമ്പാകെ ഈ അംഗങ്ങളെ വിളിച്ചു വരുത്തുകയും അവരുടെ ഭാഗം കേൾക്കുകയും ചെയ്യണം. ഇവിടെ ഈ നടപടിയും ഉണ്ടായില്ല. സർക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ അംഗങ്ങൾക്കെതിരെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നു സസ്പെൻഷൻ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് എം.പിമാരുടെ തീരുമാനം.
ഈ സെഷനിൽ പല സുപ്രധാന ബില്ലുകളും സഭയിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു- "ചട്ടം അനുസരിച്ച് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നൽകാനും സർക്കാർ തയ്യാറാണ്. പല സുപ്രധാന ബില്ലുകളും സഭയിൽ അവതരിപ്പിക്കും. സഭ പ്രവർത്തിക്കാനും ഫലപ്രദമായി നടത്താനും അനുവദിക്കണമെന്ന് ഞാൻ എല്ലാ കക്ഷികളോടും ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു"- പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെന്നും ചര്‍ച്ചയാവാമെന്നും പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ വാഗ്ദാനം പാലിച്ചില്ല. ഇന്നലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുന്നതിനിടെ ചര്‍ച്ച വേണമെന്ന പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല.
Adjust Story Font
16