രാജ്യത്ത് ബി.ജെ.പി ഇതര സർക്കാർ വരുന്നുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും: ഖാർഗെ
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതുകൊണ്ട് മോർബിയിൽ തകർന്നു വീണതുപോലുള്ള നിരവധി പാലങ്ങൾ ഉദ്ഘാടനം ചെയ്യാൻ മോദിക്ക് ഇനിയും സമയമുണ്ടെന്ന് ഖാർഗെ പരിഹസിച്ചു.
ഹൈദരാബാദ്: രാജ്യത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഹൈദരാബാദിൽ തന്റെ ആദ്യ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ ഉന്നയിച്ചത്. ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, പക്ഷേ ഗുജറാത്തിലേത് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് മോർബിയിൽ തകർന്നു വീണത് പോലുള്ള നിരവധി പാലങ്ങൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയും സമയമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനേയും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ പാർട്ടികളോടൊപ്പമെന്ന് പറയുകയും അതേസമയം നിർണായക ബില്ലുകളിൽ പാർലമെന്റിൽ ബി.ജെ.പിയെ പിന്തുണക്കുന്ന സമീപനമാണ് ചന്ദ്രശേഖർ റാവു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ ബി.ജെ.പിയെ എതിർക്കുന്നവരാണെങ്കിൽ അവർ കൊണ്ടുവന്ന കർഷക നിയമങ്ങളെയും മുത്തലാഖിനെയും പിന്തുണച്ചതെന്തിനാണെന്നും ഖാർഗെ ചോദിച്ചു.
ടി.ആർ.എസ് ഒരു വശത്ത് ബി.ജെ.പി കൊണ്ടുവരുന്ന ബില്ലുകളെ പിന്തുണയ്ക്കുകയും മറുവശത്ത് ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയുമാണ് ചെയ്യുന്നത്. ആരെങ്കിലും രാജ്യത്ത് ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുമെങ്കിൽ അത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും, കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും, നമ്മുക്കത് സാധിക്കും, നമുക്ക് അതിനുള്ള കരുത്തുണ്ട്-ഖാർഗെ പറഞ്ഞു.
Adjust Story Font
16