''ബീഫ് കഴിക്കാമെങ്കിൽ ഗോമൂത്രത്തിന് എന്താണ് കുഴപ്പം?''; മദ്രാസ് ഐഐടി ഡയറക്ടറെ പിന്തുണച്ച് ബിജെപി നേതാവ്
ഗോമൂത്രം 80 തരം രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാമെന്നും മദ്യത്തേക്കാൾ സുരക്ഷിതമാണെന്നും തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.

ചെന്നൈ: ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന പ്രസ്താവനയിൽ മദ്രാസ് ഐഐടി ഡയറകറെ പിന്തുണച്ച് തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. ബീഫ് കഴിക്കുന്നത് തങ്ങളുടെ അവകാശമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. അങ്ങനെയെങ്കിൽ മറ്റുള്ളവർ അസുഖം വരുമ്പോൾ ഗോമൂത്രം കുടിക്കുന്നതിനെ എന്തിനാണ് വിമർശിക്കുന്നതെന്ന് തമിഴിസൈ ചോദിച്ചു.
ഗോമൂത്രം മരുന്നായി കഴിക്കാമെന്ന് ശാസ്ത്രീയ തെളിവുകൾ സഹിതം സംസാരിച്ചാൽ എതിർക്കുന്നതെന്തിന്? ഗോമൂത്രം 80 തരം രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാമെന്നും മദ്യത്തേക്കാൾ സുരക്ഷിതമാണെന്നും തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
തന്റെ പിതാവിന് പനി വന്നപ്പോൾ ഒരു സന്ന്യാസി ഗോമൂത്രം കുടിക്കാൻ കൊടുത്തെന്നും 15 മിനിറ്റിനകം പനി മാറിയെന്നുമായിരുന്നു മദ്രാസ് ഐഐടി ഡയറക്ടർ കാമകോടി പറഞ്ഞത്. ദഹനത്തെ സഹായിക്കാനും ബാക്ടീരിയ, ഫംഗസ് തുടങ്ങിയവരെ പ്രതിരോധിക്കാനും ഗോമൂത്രം നല്ലതാണെന്നും കാമകോടി പറഞ്ഞിരുന്നു.
പ്രസ്താവന വലിയ വിവാദമായെങ്കിലും കാമകോടി നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. അമേരിക്കയിൽ സമർപ്പിക്കപ്പെട്ട അഞ്ച് ഗവേഷണ പ്രബന്ധങ്ങളിൽ ഗോമൂത്രത്തിൽ ഔഷധഗുണമുണ്ടെന്ന് വിശദീകരിക്കുന്നുണ്ടെന്ന് കാമകോടി പറഞ്ഞു.
അതേസമയം കാമകോടിക്കെതിരെ തമിഴ്‌നാട് ഡോക്ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി രംഗത്തെത്തി. ഡയറക്ടറുടെ അവകാശവാദം അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ മെഡിക്കൽ സഹായം തേടണം. അശാസ്ത്രീയ ചികിത്സ തേടരുതെന്നും ജനറൽ സെക്രട്ടറി ഡോ. ജി.ആർ രവീന്ദ്രനാഥ് പറഞ്ഞു. ഗോമൂത്രം കുടിച്ചാൽ ഇ കോളി അടക്കമുള്ള അണുക്കൾ ശരീരത്തിലെത്തും. ഇത് വയറിളക്കം, മൂത്രാശയ അണുബാധ തുടങ്ങിയവക്ക് കാരണമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
Adjust Story Font
16