'ഒരു ഹിന്ദു അജ്മീർ ദർഗ സന്ദർശിച്ചാൽ മുസ്ലിമായി മാറുമോ?'; പരിഹസിച്ച് ഫാറൂഖ് അബ്ദുല്ല
ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇന്ത്യ വർഗീയമല്ല, മതേതരമാണ്. ഞാൻ ഭജന ചൊല്ലുന്നു, അത് തെറ്റാണോ?
ശ്രീനഗർ: കശ്മീരിലെ സ്‌കൂളുകളിൽ ഭജന പാടാനുള്ള നിർദേശത്തിനെതിരെ ബിജെപിയെ വിമർശിച്ച പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്ത്തിക്ക് മറുപടിയുമായി നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ല.
"ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇന്ത്യ വർഗീയമല്ല, മതേതരമാണ്. ഞാൻ ഭജന ചൊല്ലുന്നു, അത് തെറ്റാണോ?"; വാർത്താ ഏജൻസിയായ എഎൻഐയെ ഉദ്ധരിച്ച് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഒരു ഹിന്ദു അജ്മീർ ദർഗ സന്ദർശിക്കുകയാണെങ്കിൽ അവർ മുസ്ലിമായി മാറുമോ എന്നും ഫാറൂഖ് അബ്ദുല്ല പരിഹസിച്ചു.
ന്യൂനപക്ഷ മതപണ്ഡിതന്മാരെ തടവിലിടുകയും ജുമാ മസ്ജിദുകൾ അടച്ചുപൂട്ടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ഹിന്ദുത്വ അജണ്ടയുടെ രാഷ്ട്രീയം കളിക്കുകയാണെനന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ വിമർശനം. കേന്ദ്ര സർക്കാർ സ്‌കൂളുകളിൽ ഭജന അടിച്ചേൽപ്പിക്കുകയാണ് എന്നായിരുന്നു വിമർശനം. ദക്ഷിണ കശ്മീരിലെ ദംഹാൽ ഹൻജിപോറയിലെ സർക്കാർ സ്‌കൂളിൽ കുട്ടികൾ ഭജന പാടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.
മെഹ്ബൂബ മുഫ്തിയുടെ ആരോപണങ്ങൾ ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് തള്ളിയിരുന്നു. ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായാണ് കുട്ടികളോട് ഭജന പാടാൻ നിർദേശിച്ചതതെന്ന് അധികൃതർ അറിയിച്ചു. രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനത്തിന്റെ ഭാഗമായി 'രഘുപതി രാഘവ്' എന്ന ഗാനമാണ് വിദ്യാർഥികൾ ആലപിച്ചത്.
Adjust Story Font
16