രാഹുൽ ഗാന്ധി ഇനിയും വയനാട്ടിൽ തുടർന്നാൽ അമേത്തിയിലെ ഗതിയുണ്ടാവും; സ്മൃതി ഇറാനി
തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നതെന്നും സ്മൃതി ഇറാനി ആരോപിച്ചു.
തിരുവനന്തപുരം: രാഹുൽ ഗാന്ധി ഇനിയും വയനാട്ടിൽ മത്സരിച്ചാൽ അമേത്തിയിലെ ഗതി വരുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ അമേത്തിയിൽ നിന്നുള്ള എം.പിയായിരുന്നപ്പോൾ അവിടെ 80 ശതമാനം ആളുകൾക്കും വൈദ്യുതി കണക്ഷനില്ലായിരുന്നെന്നും സ്മൃതി ഇറാനി ആരോപിച്ചു.
ജില്ലാ കലക്ടറുടെ ഓഫീസോ ഫയർ സ്റ്റേഷനോ മെഡിക്കൽ കോളജോ കേന്ദ്രീയ വിദ്യാലയമോ സൈനിക് സ്‌കൂളോ ഇല്ലായിരുന്നു. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്ററോ എക്സ്റേ മെഷീനോ ഇല്ലായിരുന്നെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ഇക്കാരണങ്ങളാൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം അവിടെ സാധ്യമായി. അതിനാൽ അദ്ദേഹം വയനാട്ടിൽ തുടർന്നാൽ അമേത്തിയിലെ ഗതി തന്നെയാണ് ഉണ്ടാവുക- കേന്ദ്ര വനിതാ ശിശുവികസന മന്ത്രി പറഞ്ഞു.
ബിഎംഎസ് കേരള ഘടകം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല വനിതാ ലേബർ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഡൽഹിയിലോ അമേത്തിയിലോ എവിടെയായിരുന്നാലും വയനാടിനെക്കുറിച്ച് തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും അതിനാൽ അവിടെയുള്ള 250 അങ്കണവാടികളെ 'സാക്ഷം' (പ്രാപ്തിയുള്ള) അങ്കണവാടികളാക്കി മാറ്റാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം, സ്ത്രീ തൊഴിലാളികൾ ഏറെയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. കേരളത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടികൾ കൂടുതൽ ആധുനികവത്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളിലായി 13 ശതമാനം സൂപ്പർവൈസർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇത് നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Adjust Story Font
16