Quantcast

'രാഹുലിനെ വിമർശിച്ചാൽ മറുപടി പറയുന്നത് ബിജെപി'; ഡൽഹിയിൽ കോൺഗ്രസ്-ബിജെപി സഖ്യമെന്ന് എഎപി

കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ കെജ്രിവാളിന്റെ പരാമർശങ്ങളോട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചതിന് പിന്നാലെയാണ് ഡൽഹി മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    14 Jan 2025 9:44 AM GMT

രാഹുലിനെ വിമർശിച്ചാൽ മറുപടി പറയുന്നത് ബിജെപി; ഡൽഹിയിൽ കോൺഗ്രസ്-ബിജെപി സഖ്യമെന്ന് എഎപി
X

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപിയും കോൺഗ്രസും സഖ്യമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. വർഷങ്ങളായി കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധം ഇത്തവണത്തെ ഡൽഹി തെരഞ്ഞെടുപ്പ് തുറന്നുകാട്ടുമെന്ന് ചൊവ്വാഴ്ച സമൂഹമാധ്യമ പോസ്റ്റിലൂടെ കെജ്രിവാൾ തുറന്നടിച്ചു. കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ കെജ്രിവാളിന്റെ പരാമർശങ്ങളോട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചതിന് പിന്നാലെയാണ് ഡൽഹി മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.

''ഞാൻ രാഹുൽ ഗാന്ധിയെക്കുറിച്ച് ഒരു വരി മാത്രം പറഞ്ഞപ്പോഴേക്കും ബിജെപിയിൽനിന്ന് പ്രതികരണം വരുന്നു. നോക്കൂ ബിജെപി എത്രമാത്രം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന്. ഒരുപക്ഷെ ഈ ഡൽഹി തെരഞ്ഞെടുപ്പ് വർഷങ്ങളായി കോൺഗ്രസും ബിജെപിയും തമ്മിൽ തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്ന 'ജുഗൽബന്ദി' തുറന്നുകാട്ടും'' എക്സിൽ പങ്കുവച്ച പോസ്റ്റിൽ ഡൽഹി മുൻ മുഖ്യമന്ത്രി പറഞ്ഞു. ഇൻഡ്യാ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ബിജെപി- കോൺഗ്രസ് ബാന്ധവം എന്ന ആരോപണം കെജ്രിവാൾ കടുപ്പിക്കുന്നത്.

ഡൽഹിയിലെ കോൺഗ്രസും ബിജെപിയും സഖ്യം ചേർന്ന് ആപ്പിനെതിരെ പ്രവർത്തിക്കുന്നുവെന്ന് മുമ്പും കെജ്രിവാൾ ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചതുരംഗക്കളിയിലെ കരുക്കളായി കോൺഗ്രസ് നേതാക്കളെ ചിത്രീകരിക്കുന്ന പോസ്റ്ററും അടുത്തിടെ ആപ് പുറത്തിറക്കിയിരുന്നു.

കള്ളപ്രചാരണങ്ങളും വ്യാജവാഗ്ദാനങ്ങളും നടത്തുന്നതിൽ ആപ് അധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളികളാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. പിന്നാലെ രാഹുൽ ഗാന്ധി നടത്തുന്നത് കോൺഗ്രസിനെ രക്ഷിക്കാനുള്ള ശ്രമമാണെന്നും എന്നാൽ തന്റേത് രാജ്യത്തിന് വേണ്ടിയുള്ള പ്രവർത്തനമാണെന്നും കെജ്രിവാൾ തിരിച്ചടിച്ചു. തൊട്ടുടനെയാണ് 'രാജ്യത്തെ കുറിച്ച് പിന്നീട് വിഷമിക്കൂ. ആദ്യം ന്യൂഡൽഹി സീറ്റ് സംരക്ഷിക്കൂ' എന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടേറിയതോടെ ഇൻ്ഡ്യാ സഖ്യത്തിലെ കക്ഷികൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരുന്നു. രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ളവർ ആപ്പിനാണ് പിന്തുണ നൽകിയത്. കൂടാതെ ഇൻ്ഡ്യാ സഖ്യത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനത ദൾ, നാഷണൽ കോൺഫറൻസ്, ശിവസേന ഉദ്ധവ് പക്ഷം എന്നിവരും രംഗത്തെത്തിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കെജ്രിവാളും കോൺഗ്രസിനെതിരായ ആക്രമണം കടുപ്പിക്കുന്നത്.

TAGS :

Next Story