നീതിന്യായ വ്യവസ്ഥ ശക്തമായിരുന്നെങ്കിൽ മോദിയും യോഗിയും ജയിലിലാകും: പുരി ശങ്കരാചാര്യർ
ശങ്കരാചാര്യരുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: ഇന്ത്യയിൽ ശക്തവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിയമപരമായ പ്രത്യാഘാതങ്ങളും ജയിൽവാസവും നേരിടേണ്ടി വരുമെന്ന് പുരിയിലെ ശങ്കരാചാര്യർ സ്വാമി നിശ്ചലാനന്ദ സരസ്വതി. ശ്രീ മഹാകലേശ്വർ ക്ഷേത്ര ഭരണസമിതി സംഘടിപ്പിച്ച ധർമ്മസഭയിൽ പങ്കെടുത്ത ശേഷം ഉജ്ജയിനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു തീവ്രവാദി ശങ്കരാചാര്യരായി വരുന്നു. ഇതാണോ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കടമ? ഇതിന് അവരെ ശിക്ഷിക്കാൻ പ്രാപ്തിയുള്ള ഒരു നീതിന്യായ വ്യവസ്ഥയും ഇന്ത്യയിലില്ല’ -ശങ്കരാചാര്യർ പറഞ്ഞു.
രാഷ്ട്രീയത്തിന്റെയും സാമ്പത്തിക ശക്തികളുടെയും സ്വാധീനമില്ലാതെ പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവുമായ നിയമസംവിധാനം ആവശ്യമുണ്ട്. ശക്തരായ രാഷ്ട്രീയ നേതാക്കൾക്കെതിരെ പ്രവർത്തിക്കാനുള്ള ജുഡീഷ്യറിയുടെ കഴിവില്ലായ്മ പൊതുവിശ്വാസത്തെ ദുർബലപ്പെടുത്തുകയാണെന്നും ശങ്കരാചാര്യർ പറഞ്ഞു. 2014ൽ മോദിയെ പിന്തുണച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയാകും മുമ്പ് അനുഗ്രഹം തേടി മോദി പുരിയിലെത്തിയിരുന്നു.
ശങ്കരാചാര്യരുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നു. ‘ഭയമില്ലാത്ത ജഗത്ഗുരു’ എന്ന് അദ്ദേഹം പോസ്റ്റ് പങ്കുവെച്ച് കൊണ്ട് എക്സിൽ കുറിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിലും മോദിയെ ശങ്കരാചാര്യർ വിമർശിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിക്കേണ്ടത് ആചാരവിധിപ്രകാരമാണ്, രാഷ്ട്രീയ ഇടപെടലുകൾക്ക് പരിധിയുണ്ടെന്നും പറഞ്ഞിരുന്നു. ധർമശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയിൽ നടക്കുന്നതെന്നും പൂജ പഠിച്ച ആചാര്യന്മാർക്ക് പകരം പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും അത് കണ്ട് കയ്യടിക്കാൻ താനെന്തിന് പോകണമെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി ചോദിച്ചു.
Adjust Story Font
16