ഒരു ദിവസം 10 കാപ്പി, ഇടയ്ക്കിടെ ഭക്ഷണം; ഭര്‍ത്താവിന്‍റെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കണമെന്ന് ഭാര്യ
പ്രമുഖ വ്യവസായ ഗ്രൂപ്പായ ആർ.പി.ജി എന്‍റര്‍പ്രൈസ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍റെ ഭാര്യ അയച്ച കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്
കോവിഡ് മഹാമാരിയുടെ വരവോടെ ഭൂരിഭാഗം സ്ഥാപനങ്ങളും പരീക്ഷിച്ച തൊഴില്‍രീതിയാണ് വര്‍ക്ക് ഫ്രം ഹോം. വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന രീതി തുടക്കത്തില്‍ ചിലര്‍ക്ക് അനുഗ്രഹമായി തോന്നിയെങ്കിലും പിന്നീട് അതൊരു ബാധ്യതയായി മാറി. പ്രത്യേകിച്ചും സ്ത്രീകളെയാണ് കൂടുതലായും ബാധിച്ചത്. ഭര്‍ത്താവ് വര്‍ക്ക് ഫ്രം ഹോമിലാണെങ്കില്‍ വീട്ടുജോലിക്കൊപ്പം ദിവസം മുഴുവന്‍ അവരുടെ കാര്യം കൂടി നോക്കേണ്ട അവസ്ഥ കൂടി വന്നു. ഇങ്ങനെ സഹികെട്ട ഒരു ഭാര്യ ഭര്‍ത്താവിന്‍റെ ബോസിന് അയച്ച കത്താണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ ആർ.പി.ജി എന്‍റര്‍പ്രൈസ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍റെ ഭാര്യ അയച്ച കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്.
'എങ്ങനെയാണ് ഈ കത്തിനോട് പ്രതികരിക്കേണ്ടത് എന്നറിയില്ല' എന്ന കുറിപ്പോടെയാണ് ഗോയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഭർത്താവിനെ എത്രയും പെട്ടന്ന് ഓഫീസിലേക്ക് തിരിച്ചു വിളിക്കണമെന്നാണ് കത്തിന്‍റെ ഉള്ളടക്കം. താങ്കളുടെ തൊഴിലാളി മനോജിന്‍റ ഭാര്യയാണ് എന്ന വരികളോടെയാണ് കത്തു തുടങ്ങുന്നത്. അദ്ദേഹത്തെ ദയവായി ഓഫീസിൽ എത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളും അദ്ദേഹം പാലിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
വർക്ക് ഫ്രം ഹോം സംവിധാനം തുടർന്നാൽ തങ്ങളുടെ കുടുംബ ജീവിതം അധികം മുന്നോട്ട് പോവില്ല എന്നാണ് ഭാര്യ പറയുന്നത്. ഭർത്താവ് ഇപ്പോൾ 10 തവണയാണ് ദിവസവും കാപ്പി കുടിക്കുന്നത്. ഒരു ദിവസം വീട്ടിലെ പല ഇടങ്ങളിലിരുന്നാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. കൂടാതെ ഈ ഇടങ്ങളെല്ലാം അലങ്കോലമാക്കിയാണ് ഭർത്താവ് ജോലി ചെയ്യുന്നത്. ഇടയ്ക്കിടെ ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. പലപ്പോഴും ഓഫീസിൽ നിന്നും ഫോണ്‍ വരുമ്പോൾ കക്ഷി ഉറക്കം തൂങ്ങുന്നതും സ്ഥിരം കാഴ്ചയാണ് എന്നും ഭാര്യയുടെ കത്തില്‍ പറയുന്നു. തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും തന്‍റെ സുബോധം വീണ്ടെടുക്കാന്‍ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
ട്വീറ്റിനു മറുപടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഭാര്യക്ക് ഒരു ജോലി കൊടുക്കണമെന്നും വീടിനെയും കുട്ടികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അപ്പോള്‍ മനോജിന് മനസിലാകുമെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. മിക്ക കുടുംബങ്ങളിലെയും അവസ്ഥ ഇതാണെന്നും ചിരിക്കേണ്ട കാര്യമില്ലെന്നുമാണ് മറ്റൊരു ട്വീറ്റ്.
Don't know how to respond to her….😀 pic.twitter.com/SuLFKzbCXy
— Harsh Goenka (@hvgoenka) September 9, 2021
Adjust Story Font
16