'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസറുകൾ കൊണ്ട് വീട് പൊളിക്കും'; വോട്ടർമാരെ ഭീഷണിപ്പെടുത്തി അസം വനംവകുപ്പ് ഉദ്യോഗസ്ഥർ
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് വോട്ടർമാർ കോടതിയെ സമീപിച്ചു.
ദിസ്പൂർ: അസമിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വീട് തകർക്കുമെന്ന് വോട്ടർമാരെ വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. അസമിലെ കരിംഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരെയാണ് സ്പെഷ്യൽ ചീഫ് സെക്രട്ടറിയും വനംവകുപ്പ് മേധാവിയുമടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി കൃപാനാഥ് മല്ലയ്ക്ക് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ ബുൾഡോസറുകളെ നേരിടാൻ തയാറാവാനുമായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് വോട്ടർമാർ കോടതിയെ സമീപിച്ചു. പരാതിക്കാർക്കായി അഡ്വ. അബ്ദുൽ കാഷിം തലുക്ദാറും അഡ്വ. മൊംതാസ് ബീഗവുമാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. വനംവകുപ്പ് മേധാവി എം.കെ യാദവ്, സിൽചാർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജീവ് കുമാർ ദാസ്, ഡിഎഫ്ഒമാരായ അഖിൽ ദത്ത, വിജയ് ടിംബാക് പാൽവെ, ചെരാഗി ഡെപ്യൂട്ടി റേഞ്ചർമാരായ മനോജ് സിൻഹ, ഫോറസ്റ്റർ അജിത് പോൾ, ബീറ്റ് ഓഫീസർ ഫായിസ് അഹമദ്, ഫോറസ്റ്റ് ഗാർഡ് തപഷ് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.
വെള്ളിയാഴ്ചയായിരുന്നു കരിംഗഞ്ച് മണ്ഡലത്തിലെ വോട്ടെടുപ്പ്. 69 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലമാണിത്. 24 സ്ഥാനാർഥികൾ മണ്ഡലത്തിലുണ്ടെങ്കിലും സിറ്റിങ് എം.പിയും കോൺഗ്രസ് നേതാവുമായ ഹാഫിസ് റാഷിദ് അഹമദ് ചൗധരിയും ബിജെപിയുടെ മല്ലയും തമ്മിലാണ് പ്രധാന പോരാട്ടം.
കരിഗംഞ്ചിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പ്രാദേശിക കോടതിയിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒൻപത് വനം വകുപ്പ് ഉദ്യോഗസ്ഥരും 45 ഓളം മറ്റ് വ്യക്തികളും തങ്ങളെ അസഭ്യം പറയുകയും ബിജെപിക്ക് വോട്ട് ചെയ്യാൻ നിർബന്ധിച്ചുവെന്നുമായിരുന്നു പരാതി. അസം പൊലീസ് കമാൻഡോ, വനംവകുപ്പ് ഉദ്യോഗസ്ഥർ, സായുധ വനംവകുപ്പ് ഗാർഡുകൾ എന്നിവരുൾപ്പെടെയുള്ള സംഘം തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ വീട്ടിലെത്തിയെന്നും മണിക്കൂറുകളോളം റെയ്‍ഡ് നടത്തുകയും ശേഷം തങ്ങളുടെ ചിത്രങ്ങൾ പകർത്തി മടങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഏപ്രിൽ 24നായിരുന്നു പരാതി സമർപ്പിച്ചത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജൂൺ ഏഴിന് ശേഷം ബുൾഡോസർ ഉപയോഗിച്ച് വീടുകളിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. അഭയാർഥികൾ, അഭയാർഥിയായ മുസ്‌ലിംകളുടെ മക്കൾ തുടങ്ങി അപകീർത്തികരമായ പ്രയോഗങ്ങളാണ് ഉദ്യോഗസ്ഥർ തങ്ങൾക്കെതിരെ നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്താൽ പ്രദേശത്ത് സമാധാനത്തോടെ താമസിക്കാനാവുമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
നേരത്തെ, ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എയും രംഗത്തെത്തിയിരുന്നു. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണി.
Adjust Story Font
16