'പഠനം തുടരണമെങ്കിൽ സമരം പാടില്ല'; പിഎച്ച്ഡി ഗവേഷകന് ഗുവാഹത്തി ഐഐടിയുടെ നിർദേശം
അധ്യാപകനെതിരായ അധികൃതരുടെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ചതിനാണ് ഐഐടിയിൽ നാലാം വർഷ പിഎച്ച്ഡി ഗവേഷകനായ ഹിമാഞ്ചൽ സിങ് അച്ചടക്കനടപടി നേരിടുന്നത്
കാംപസിൽ വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നടപടിയുമായി ഗുവാഹത്തി ഐഐടി അധികൃതർ. നിരാഹാരമിരുന്നതിന് ശിക്ഷാനടപടി നേരിടുന്ന വിദ്യാർത്ഥിയോട് പിഎച്ച്ഡി ഗവേഷണം തുടരണമെങ്കിൽ സമരം നടത്തരുതെന്ന് ഗുവാഹത്തി ഐഐടി അധികൃതരുടെ നിർദേശം. അധ്യാപകനെതിരായ അധികൃതരുടെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ചതിനാണ് ഐഐടിയിൽ നാലാം വർഷ പിഎച്ച്ഡി ഗവേഷകനായ ഹിമാഞ്ചൽ സിങ് അച്ചടക്കനടപടി നേരിടുന്നത്.
സ്ഥാപനത്തിൽ ഗവേഷണം തുടരണമെങ്കിൽ ആറുകാര്യങ്ങളിൽ ഉറപ്പുനൽകണമെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയത്. മേലിൽ ഒരു തരത്തിലുമുള്ള പ്രതിഷേധ പരിപാടികളിലോ ധർണകളിലോ പങ്കെടുക്കരുതെന്നാണ് പ്രധാന നിർദേശം. വിദ്യാർത്ഥികളെ സമരങ്ങൾക്കായി സംഘടിപ്പിക്കരുത്, സ്ഥാപനത്തിന്റെ അക്കാദമിക അന്തരീക്ഷത്തിന് ഹാനികരമാകുന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ചെയ്ത 'കുറ്റം' ഏറ്റുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ കുറിപ്പിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുവാഹത്തി ഐഐടിയിലെ ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പിൽ ഗവേഷകനാണ് ചിമാഞ്ചൽ. വകുപ്പിൽ അധ്യാപകനായ ബ്രിജേഷ് പട്ടേലിന്റെ നിർബന്ധിത വിരമിക്കലിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ മറ്റൊരു വിദ്യാർത്ഥിക്കൊപ്പം നാലു ദിവസത്തോളം നിരാഹാര സമരമിരുന്നു ഹിമാഞ്ചൽ. ഇതേതുടർന്ന് സിങ്ങിനെതിരെ ഐഐടി അധികൃതർ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. ഒരു സെമസ്റ്ററിന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു അധികൃതർ ചെയ്തത്.
ഐഐടി അധികൃതർക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിനു പിറകെയായിരുന്നു ബ്രിജേഷ് റായ്‌ക്കെതിരായ നടപടി. ഇദ്ദേഹത്തിനെതിരെ ദുർനടപ്പ്, സ്ഥാപന അധികൃതരെ അപകീർത്തിപ്പെടുത്താൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐഐടി അതോറിറ്റി നിർബന്ധിത വിരമിക്കലിന് ഉത്തരവിടുകയായിരുന്നു. ഒരു വിദ്യാർത്ഥിയും ഒൻപത് അധ്യാപകരുമടങ്ങുന്ന പത്തംഗ അച്ചടക്ക സമിതിയാണ് ഹിമാഞ്ചൽ സിങ്ങിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.
Adjust Story Font
16