കുടിച്ച് പൂസായ പോത്തുകള്‍ പണിപറ്റിച്ചു: ഗുജറാത്ത് ഫാമില്‍ നിന്നും അനധികൃത മദ്യക്കുപ്പികള്‍ കണ്ടെത്തി
മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്
ഗുജറാത്തില്‍ അനധികൃതമായി മദ്യം വിറ്റ മൂന്ന് പേര്‍ പിടിയില്‍. അഹമ്മദാബാദിലെ കര്‍ഷകരാണ് പൊലീസ് പിടിയിലായത്. മദ്യം കലര്‍ന്ന വെള്ളം കുടിച്ച ഇവരുടെ കാലികള്‍ അസാധാരണമായി പെരുമാറിയതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മദ്യവില്‍പ്പന പുറത്തു വന്നത്.
മൃഗങ്ങള്‍ക്ക് കുടിക്കാനായി വെള്ളം സൂക്ഷിച്ചിരുന്ന ജലസംഭരണിയിലായിരുന്നു സംഘം മദ്യം ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സൂക്ഷിച്ചിരുന്ന മദ്യകുപ്പികളില്‍ ചിലത് പൊട്ടുകയും വെള്ളത്തില്‍ കലരുകയുമായിരുന്നു. ഇതില്‍ നിന്ന് വെള്ളം കുടിച്ചതോടെയാണ് ഫാമില്‍ വളര്‍ത്തിയിരുന്ന പോത്തുകളുടെ സമനില തെറ്റിയത്.
കാലികള്‍ അസാധാരണമായി പെരുമാറുകയും വായില്‍ നിന്നും നുരയും പതയും വരികയും ചെയ്തതോടെയാണ് ഇവര്‍ കാര്യമറിയാതെ ഡോക്ടറെ സമീപിച്ചത്. എന്നാല്‍ കാലികളില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് പരിസരം പരിശോധന നടത്തുകയായിരുന്നു.
മൃഗങ്ങളെ പരിചരിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍ കുടിവെള്ളത്തിന് നിറം മാറ്റവും ഗന്ധവും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 32,000 രൂപ വിലവരുന്ന നൂറോളം മദ്യക്കുപ്പികള്‍ ഫാമില്‍ നിന്നും കണ്ടെടുത്തു.
മദ്യവില്‍പന നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മദ്യം നിര്‍മിക്കുന്നതും വാങ്ങുന്നതും വില്‍പന നടത്തുന്നതും കടത്തികൊണ്ടു പോകുന്നതും സംസ്ഥാനത്ത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. മദ്യവില്‍പനക്ക് കനത്ത പിഴയോ തടവു ശിക്ഷയോ ആണ് ശിക്ഷ.
Adjust Story Font
16