യുവാക്കളെ ജയിലിലടക്കലും വികസനമില്ലായ്മയുമാണ് ബിജെപിയുടെ നയാ കശ്മീർ: ഇൽതിജ മുഫ്തി
നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കടലാസിൽ മാത്രമാണെന്നും ഇൽതിജ മുഫ്തി പറഞ്ഞു.
ശ്രീനഗർ: യുവാക്കളെ ജയിലിലടയ്ക്കലും വികസനമില്ലായ്മയുമാണ് ബിജെപിയുടെ 'നയാ കശ്മീർ' എന്ന് പിഡിപി നേതാവും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. കശ്മീരിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. തടങ്കലിൽവെക്കലും ജയിലിലടക്കലുമാണ് കശ്മീരിൽ നടക്കുന്നതെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു.
യുവാക്കൾ ഉൾപ്പെടെ അരക്ഷിതാവസ്ഥയിലാണ്. അധികാരത്തിലെത്തിയാൽ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കടലാസിൽ മാത്രമാണ്. വിജയിക്കാൻ വേണ്ടിയാണ് താൻ പോരാടുന്നതെന്നും ഇൽതിജ പറഞ്ഞു.
ബിച്ച്‌ബെഹ്‌റ മണ്ഡലത്തിലെ പിഡിപി സ്ഥാനാർഥിയാണ് ഇൽതിജ. ജനങ്ങളുടെ പ്രതികരണം അവിശ്വസനീയമാണ്. മെഹ്ബൂബ മുഫ്തിയുടെ മകൾ എന്ന നിലയിലല്ല ജനങ്ങളുമായി നേരിട്ട് ബന്ധമുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, അരക്ഷിതാവസ്ഥ, ആളുകൾക്കെതിരെ യുഎപിഎ പോലുള്ള നിയമങ്ങൾ ചുമത്തുന്നത് എല്ലാം വലിയ പ്രശ്‌നങ്ങളാണെന്നും ഇൽതിജ പറഞ്ഞു.
Adjust Story Font
16