'നിന്റെ സഹോദരിയായതിൽ ഞാൻ അഭിമാനിക്കുന്നു'; രാഹുലിന് പ്രശംസയുമായി പ്രിയങ്ക ഗാന്ധി
'സത്യത്തിനുവേണ്ടിയുള്ള പോരാട്ടം രാഹുൽ ഗാന്ധി ഒരിക്കലും നിർത്തിയില്ല'
ന്യൂഡൽഹി: രാജ്യത്തുടനീളം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത് രാഹുൽ ഗാന്ധി ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ സഹോദരന് പ്രശംസയുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
'അവർ നിന്നോട് എന്തൊക്കെ പറഞ്ഞപ്പോഴും ചെയ്തപ്പോഴും നീ ഉറച്ചുനിന്നു. എന്ത് പ്രതിബന്ധതയുണ്ടായാപ്പോഴും നീ പിന്മാറിയില്ല. അവരുടെ നുണപ്രചാരണങ്ങൾക്കിടയിലും നീ സത്യത്തിനായുള്ള പോരാട്ടം നിർത്തിയില്ല. അവർ ഉയർത്തിയ ദേഷ്യവും വെറുപ്പും നിന്നെ മറികടക്കാൻ ഒരിക്കലും അനുവദിച്ചില്ല.'- പ്രിയങ്ക തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചു.
ഹൃദയത്തിലെ സ്നേഹവും സത്യവും ദയയും കൊണ്ടാണ് രാഹുൽ ഗാന്ധി പോരാടിയത്. രാഹുലിന്റെ സഹോദരിയായതിൽ താൻ അഭിമാനിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് രാഹുലും കോൺഗ്രസും നേടിയത്. 3.64 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട് സീറ്റ് നിലനിർത്തിയത്. റായ്ബറേലിയിൽ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെ പരാജയപ്പെടുത്തി ഏകദേശം 3.9 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
രണ്ട് സീറ്റുകളിൽ ഏതെങ്കിലുമൊന്ന് രാഹുലിന് ഒഴിയേണ്ടി വരുമെന്നതിനാൽ പ്രിയങ്ക ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. ഏത് സീറ്റാണ് നിലനിർത്തേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞു.
Adjust Story Font
16