Quantcast

സംഭൽ ശാഹീ മസ്ജിദിലെ ലൗഡ്‌ സ്പീക്കറുകൾ പിടിച്ചെടുത്ത് പൊലീസ്; മസ്ജിദിന് മുകളിൽ കയറി ബാങ്ക് വിളിച്ച് ഇമാം

ശബ്ദമലിനീകരണം ഉണ്ടാക്കിയെന്നാരോപിച്ചാണ് പൊലിസ് നടപടി.

MediaOne Logo

Web Desk

  • Updated:

    24 Feb 2025 1:12 AM

Published:

23 Feb 2025 4:15 PM

Muazzin gives Azaan from terrace of Sambhal mosque
X

സംഭൽ: ഉത്തർപ്രദേശിലെ പുരാതനമായ സംഭൽ ശാഹീ ജാമിഅ് മസ്ജിദിലെ ലൗഡ്‌സ്പീക്കറുകൾ പൊലിസ് പിടിച്ചെടുത്തു. ശബ്ദമലിനീകരണം ഉണ്ടാക്കിയെന്നാരോപിച്ചാണ് പൊലിസ് നടപടി. ലൗഡ് സ്പീക്കർ നീക്കിയതിനെ തുടർന്ന് ഇമാം ഹാജി റഈസ് മസ്ജിദിന് മുകളിൽ കയറി മിനാരത്തിന് സമീപം നിന്നാണ് ബാങ്ക് വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളില ഉച്ചഭാഷിണികൾ നിയന്ത്രിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദിലെ ലൗഡ്‌സ്പീക്കറുകൾ പിടിച്ചെടുത്തതെന്ന് സംഭൽ എസ്പി കൃഷൻ കുമാർ ബിഷ്‌ണോയ് പറഞ്ഞു. പള്ളിയുടെ മുകളിൽ നിന്ന് പ്രാർഥനക്ക് വിളിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്നും ആർക്ക് വേണമെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിൽക്കാമെന്നും എസ്പി പറഞ്ഞു. ബോർഡ് പരീക്ഷകൾ നടക്കുന്നതിനാലാണ് മസ്ജിദിലെ ലൗഡ്‌സ്പീക്കറുകൾ പിടിച്ചെടുത്തതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.

ശബ്ദമലിനീകരണം ഉണ്ടാക്കിയെന്ന് ആരോപിച്ച് സംഭലിലെ മറ്റു രണ്ടു പള്ളികളിലെ ഇമാമുമാർക്കെതിരെ 2025 ജനുവരി 23ന് പോലിസ് കേസെടുത്തിരുന്നു. ബഹ്‌ജോയ് പോലിസ് സ്‌റ്റേഷൻ പരിധിയിലെ പള്ളിയിലെ ഇമാമായ രെഹാൻ ഹുസൈൻ, ഹയാത്ത് നഗർ പോലിസ് സ്‌റ്റേഷൻ പരിധിയിലെ പള്ളിയിലെ ഇമാമായ ആലെ നബി എന്നിവർക്കെതിരെയാണ് അന്ന് കേസെടുത്തത്. പ്രദേശത്ത് പട്രോളിങ് നടത്തുമ്പോൾ അമിത ശബ്ദത്തിൽ ബാങ്ക് വിളിക്കുന്നത് കേട്ടുവെന്ന് ആരോപിച്ച് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതിന് മുമ്പ് 2024 ഡിസംബറിൽ 23കാരനായ മറ്റൊരു ഇമാമിനെതിരെ കേസെടുക്കുകയും രണ്ടു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

മുഗൾകാലത്ത് നിർമിച്ച സംഭൽ ശാഹി ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടന നൽകിയ ഹരജിയിൽ സിവിൽകോടതി സർവേക്ക് ഉത്തരവിട്ടത് വൻ സംഘർഷത്തിന് കാരണമായിരുന്നു. നവംബർ 24ന് സർവേക്ക് എതിരെ പ്രതിഷേധിച്ച ആറ് മുസ് ലിം യുവാക്കളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സംഘർഷം ആസൂത്രിതമാണെന്നും ഭീകരബന്ധമുണ്ടെന്നും ആരോപിച്ച് വ്യാപകമായ പൊലീസ് വേട്ടയാണ് സംഭലിൽ‌ നടക്കുന്നത്. പ്രതിചേർക്കപ്പെട്ടവരുടെ ഫോട്ടോകൾ പ്രദേശത്ത് വ്യാപകമായി പതിച്ചിട്ടുണ്ട്. സംഘർഷകാലത്ത് നാടുവിട്ട ആയിരത്തോളം മുസ്‌ലിം കുടുംബങ്ങൾ ഇതുവരെ തിരികെ എത്തിയിട്ടില്ല.

TAGS :

Next Story