Quantcast

സാമ്രാജ്യത്വ ശക്തികൾ പാഠം പഠിക്കണം; താലിബാൻ എന്തു ചെയ്യുന്നുവെന്ന് ലോകം നിരീക്ഷിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി

ഇസ്‌ലാമിന്റെ സംവാദസ്വഭാവം ഉൾക്കൊള്ളുന്ന, ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറായിരിക്കും അഫ്ഗാനിൽ അധികാരത്തിൽ വരിക എന്ന് പ്രതീക്ഷിക്കുന്നു

MediaOne Logo

Web Desk

  • Published:

    18 Aug 2021 11:19 AM

സാമ്രാജ്യത്വ ശക്തികൾ പാഠം പഠിക്കണം; താലിബാൻ എന്തു ചെയ്യുന്നുവെന്ന് ലോകം നിരീക്ഷിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി
X

ന്യൂഡൽഹി: തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ ദരിദ്ര രാഷ്ട്രങ്ങളെ അധിനിവേശം ചെയ്യുന്ന സാമ്രാജ്യത്വ ശക്തികൾക്ക് അഫ്ഗാനിൽ നിന്ന് പാഠങ്ങൾ പഠിക്കാനുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. താലിബാന്റെ പെരുമാറ്റവും ചെയ്തികളും ലോകം സാകൂതം നിരീക്ഷിക്കുകയാണ്. എല്ലാവരെയും ഉൾക്കൊണ്ടും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചും കൊണ്ടുള്ള ഭരണ സംവിധാനം നടപ്പിലാക്കാൻ താലിബാന് ഉത്തരവാദിത്തമുണ്ടെന്നും അമീർ പറഞ്ഞു.

അമീറിന്റെ പ്രസ്താവനയുടെ പൂരണരൂപം:

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയമാറ്റങ്ങൾ വർഷങ്ങൾ നീണ്ട അശാന്തിയും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് രാജ്യത്ത് ശാന്തിയും മേഖലയിൽ ക്രമസമാധാനവും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാനാവുമെന്നും പ്രത്യാശിക്കുന്നു. ഇരുപത് വർഷം മുമ്പ് സൈനിക നടപടിയിലൂടെ അഫ്ഗാൻ സർക്കാറിനെ നിഷ്‌കാസിതമാക്കിയതും അധിനിവേശ-കൊളോണിയൽ ശക്തികൾ നിരപരാധികളായ സിവിലിയന്മാർക്കു നേരെ നടത്തിയ നിഷ്ഠുരതകളും ബോംബ് വർഷവും സമീപകാല ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ അധ്യായമായിരുന്നു. വൈദേശിക ശക്തികളുടെ ആഗ്രഹങ്ങൾ അഫ്ഗാൻ ജനതയ്ക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള നിരന്തരശ്രമങ്ങൾ അങ്ങേയറ്റം അധിക്ഷേപാർഹവും. അഫ്ഗാനികളുടെ പോരാട്ടവും അക്ഷീണയത്‌നവുമാണ് സാമ്രാജ്യത്വ ശക്തികളെ അവരുടെ നാട്ടിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതമാക്കിയത്. ഇതിൽ നിന്ന് അധിനിവേശ ശക്തികൾ പാഠം പഠിക്കേണ്ടതുണ്ട്. തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾ ദരിദ്രരാഷ്ട്രങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന അനാവശ്യ നയങ്ങളിൽ നിന്ന് അവർ വിട്ടുനിൽക്കുകയും വേണം. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഇതിൽ നിന്ന് പാഠം പഠിക്കണം. ദുർബല രാഷ്ട്രങ്ങൾക്കു മേൽ വൻശക്തികൾ ഇടപെടുന്നതിനെതിരെ ശക്തമായ നടപടികൾക്ക് രൂപം നൽകണം. അഫ്ഗാനിൽ രക്തച്ചൊരിച്ചിലില്ലാതെ സമാധാനപരമായി അധികാരക്കൈമാറ്റം നടക്കുമെന്നാണ് പ്രതീക്ഷ.

ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഇപ്പോൾ താലിബാനു നേരെയാണ്. അവരുടെ നടപടികളും സ്വഭാവവും ലോകം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഇസ്‌ലാമിന്റെ ഉദാരവും അനുകമ്പാപൂർണവുമായ ഭരണവ്യവസ്ഥ ലോകത്തിനു മുമ്പിൽ പ്രായോഗിക ഉദാഹരണമായി അവതരിപ്പിക്കാനുള്ള അവസരമാണ് താലിബാന് കൈവന്നിട്ടുള്ളത്. ഇസ്‌ലാം സമാധാനവും ക്ഷേമവുമാണ് മുമ്പോട്ടുവയ്ക്കുന്നത് എന്നതാണ് വസ്തുത. മതം വിശ്വാസസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടേത് അടക്കം എല്ലാവിഭാഗം ആളുകളുടെയും ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത് ഇസ്‌ലാം പരമപ്രധാനമായി കണക്കാക്കുന്നു. വനിതകളുടെ അവകാശത്തെ കുറിച്ചും ഇസ്‌ലാം സൂക്ഷ്മസംവേദിയാണ്. പുതിയ ഭരണാധികാരികൾ ഇസ്‌ലാമിന്റെ ഈ അധ്യാപനങ്ങൾ നിഷ്‌കർഷയോടെ പിന്തുടർന്ന് ലോകത്തിന് മാതൃകയാകണം. ഭയരഹിതവും സമാധാനനിർഭരവുമായ, എല്ലാവർക്കും വികസിക്കാൻ തുല്യ അവസരമുള്ള ഇസ്‌ലാമിക് വെൽഫയർ സ്റ്റേറ്റ് ആയിരിക്കണം ലക്ഷ്യം. ഇസ്‌ലാമിന്റെ സംവാദസ്വഭാവം ഉൾക്കൊള്ളുന്ന, ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറായിരിക്കും അഫ്ഗാനിൽ അധികാരത്തിൽ വരിക എന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരെയും പ്രതിനിധീകരിക്കുന്ന, അഫ്ഗാൻ ജനതയുടെ ഐക്യവും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന സർക്കാറായിരിക്കണം അധികാരത്തിൽ വരേണ്ടത്. സിഖ്, ഹിന്ദു മതവിഭാഗങ്ങൾ, മറ്റു ന്യൂനപക്ഷങ്ങൾ എന്നിവർക്ക് സമാധാനം ഉറപ്പുവരുത്താൻ താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചതും ലോകരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതും സ്വാഗതാർഹമാണ്.

ഇന്ത്യയുമായി അഫ്ഗാന് സുദീർഘവും ആരോഗ്യപൂർണവുമായ ബന്ധമാണുള്ളത്. അഫ്ഗാനിലെ വികസനപ്രവർത്തനങ്ങളിൽ സമീപകാലത്ത് ഇന്ത്യ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുണ്ട്. അഫ്ഗാനുമായുള്ള ഊഷ്മള ബന്ധം തുടരുമെന്നും ശക്തിപ്പെടുമെന്നുമാണ് ഞങ്ങൾ കരുതുന്നത്. പുതിയ അഫ്ഗാൻ സർക്കാറുമായി ആരോഗ്യകരമായ ബന്ധത്തിന് തുടക്കം കുറിക്കാൻ ഇന്ത്യൻ സർക്കാറിന് ഉത്തരവാദിത്വമുണ്ടെന്ന് ഞങ്ങൾ ഓർമിപ്പിക്കുന്നു. ദക്ഷിണേഷ്യയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി അഫ്ഗാൻ വികസനത്തിലും ഇന്ത്യയ്ക്ക് പങ്കാളിത്തം വഹിക്കാനാകും.

TAGS :

Next Story