വോട്ടെണ്ണിയപ്പോൾ 140-ലധികം മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ട് - റിപ്പോർട്ട്
വോട്ടുകളുടെ എണ്ണത്തിൽ വിത്യാസമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ജയിച്ചത് കുറഞ്ഞ വോട്ടുകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു
ന്യൂഡൽഹി:പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നെങ്കിലും വോട്ടെണ്ണൽ അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളെ പറ്റിയുള്ള സംശയങ്ങളും ചർച്ചകളും അവസാനിക്കുന്നില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എമ്മിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേടിനെ കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയാണ് പൂനം അഗർവാൾ. 2024 ലെ തെഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ വോട്ടിങ് മെഷീനുകളിലെ ക്രമക്കേടുകളുടെ പറ്റി അവർ തയാറാക്കിയ റിപ്പോർട്ട് ദ വയർ പ്രസിദ്ധീകരിച്ചു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ തന്നെ മിക്ക മണ്ഡലങ്ങളിലും വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് റിപ്പോർട്ട്. പറയുന്നു.ദാമൻ &ദിയു, ലക്ഷദ്വീപ്, ആറ്റിങ്ങൽ തുടങ്ങിയ ഏതാനും ലോക്സഭാ മണ്ഡലങ്ങളൊഴികെയുള്ള മിക്ക മണ്ഡലങ്ങളിലും കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ട്.
140 ലധികം മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് വോട്ടെണ്ണിയപ്പോൾ.ഒരു മണ്ഡലത്തിൽ 2 വോട്ടുകളാണ് കൂടിയതെങ്കിൽ മറ്റൊരിടത്ത് 3,811 വോട്ടുകളുടെ വ്യത്യാസമാണ് കണക്കിലുള്ളത്.അതുപോലെ തന്നെ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവാണ് ചില മണ്ഡലങ്ങളിൽ വോട്ടെണ്ണിയപ്പോഴുള്ള കണക്ക്. 16,791 വോട്ടുകളുടെ കുറവാണ് ഒരു മണ്ഡലത്തിലുള്ളത്.
കൂടുതൽ വോട്ടുകൾ എണ്ണിയ പ്രധാനപ്പെട്ട മൂന്ന് മണ്ഡലങ്ങളാണ് കരീംഗഞ്ച്,ഒങ്കോൽ, മാണ്ഡ്യ എന്നിവ.
- ആസ്സാമിലെ കരീംഗഞ്ച് മണ്ഡലത്തിൽ 1,136,538 വോട്ടുകളാണ് പോൾ ചെയ്തത്. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ അത് 1,140,349 ആയി ഉയർന്നു.3811 വോട്ടുകളാണ് വോട്ടെണ്ണിയപ്പോൾ വർദ്ധിച്ചത്.
- ആന്ധ്രാപ്രദേശിലെ ഒങ്കോൽ എന്ന മണ്ഡലത്തിൽ 1,399,707 വോട്ടുകളാണ് പോൾ ചെയ്തത്. എണ്ണിയപ്പോൾ അത് 1,401,174 ആയി മാറി. അതായത് 1,467 വോട്ടുകളുടെ വർദ്ധനവാണ് ഇവിടെയുണ്ടായത്.
- മധ്യപ്രദേശിലെ മാണ്ഡ്യയിൽ 1,530,861 വോട്ടുകളാണ് ചെയ്തത്. വോട്ടെണ്ണിയപ്പോൾ അവിടെ 1,089 വോട്ടുകൾ വർദ്ധിച്ച് 1,531,950 ആയി.
വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാൾ കുറഞ്ഞ മണ്ഡലങ്ങളാണ് തിരുവള്ളൂർ, കോക്രജാർ, ദെൻഗനാൽ എന്നിവ.
- തമിഴ്നാട്ടിലെ തിരുവള്ളൂരിൽ 1,430,738 വോട്ടുകളാണ് പോൾ ചെയ്തത്. എന്നാൽ എണ്ണിയപ്പോൾ 1,413,947 വോട്ടുകളായി.അതായത് 16,791 വോട്ടുകളുടെ കുറവാണ് ഇവിടെ മാത്രം ഉണ്ടായത്.
- ആസ്സാമിലെ കൊക്രജാറിൽ 1,240,306 വോട്ടുകളാണ് പോൾ ചെയ്തത്. എണ്ണിയപ്പോൾ അത് 1,229,546 വോട്ടുകളായി കുറഞ്ഞു. 10,760 വോട്ടുകളുടെ കുറവാണ് ഈ മണ്ഡലത്തിലുള്ളത്.
- ഒഡിഷയിലെ ദൻഗനാലിൽ 1,193,460 വോട്ടുകളാണ് ചെയ്തത്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 1,184,033 ആയി കുറഞ്ഞു. 9,427 വോട്ടുകളുടെ കുറവാണ് അവിടെയുണ്ടായത്.
എല്ലാ മണ്ഡലങ്ങളിലും ഇ.വി.എം വോട്ടുകളുടെ എണ്ണവും തപാൽ വോട്ടുകളുടെ എണ്ണവും പ്രത്യേകമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അടയാളപ്പെടുത്തുന്നത്.അതുകൊണ്ട് തന്നെ ഇ.വി.എമ്മിലെ കണക്കുകളിലാണ് വലിയ പൊരുത്തക്കേടുകൾ ഉള്ളതെന്ന് ഡാറ്റകൾ വെച്ച് റിപ്പോർട്ട് പറയുന്നു.
തെരഞ്ഞെടുപ്പിന്റ ആദ്യഘട്ടങ്ങൾ പൂർത്തിയായിട്ടും പോൾ ചെയ്ത വോട്ടുകളുടെ ശതമാനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. പ്രതിപക്ഷ പാർട്ടികളും നിരവധി സംഘടനകളും പ്രതിഷേധവും പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെയാണ് ഇവിഎമ്മിൽ പോൾ ചെയ്ത വോട്ടുകളുടെ സമ്പൂർണ്ണ കണക്കുകൾ കമ്മീഷൻ പുറത്തുവിട്ടത്.അതും തെരഞ്ഞെടുപ്പിൻ്റെ ആദ്യ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായ ശേഷം. മെയ് 25 ന് ആദ്യ അഞ്ച് ഘട്ടങ്ങളിൽ പോൾ ചെയ്ത വോട്ടുകളുടെ കണക്കുകൾ പുറത്തുവിട്ട തെരഞ്ഞെടുപ്പ് കമീഷൻ ‘പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി പത്രക്കുറിപ്പും പുറത്തിറക്കി’.അതിൽ പോസ്‌റ്റൽ ബാലറ്റുകളുടെ എണ്ണം ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായി പറഞ്ഞിരുന്നു.
വോട്ടുകളുടെ എണ്ണത്തിൽ ചിലയിടങ്ങളിൽ വർദ്ധനവും ചിലയിടങ്ങളിൽ കുറവുമുണ്ടായതിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇനിയും വ്യക്തത നൽകിയിട്ടില്ല. ഇത്തരത്തിൽ വോട്ടുകളുടെ എണ്ണത്തിൽ വിത്യാസമുള്ള ചില മണ്ഡലങ്ങളിൽ സ്ഥനാർഥികൾ ജയിച്ചത് കുറഞ്ഞ വോട്ടുകൾക്കാണ്. അതിനുദാഹരണമാണ് മഹാരാഷ്ട്ര, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മണ്ഡലങ്ങൾ.
- മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് വെസ്റ്റിൽ 951,580 വോട്ടുകളാണ് ഇ.വി.എമ്മിൽ പോൾ ചെയ്തത്. 951,582 വോട്ടുകളാണ് എണ്ണിയത്. അതായത് പോൾ ചെയ്തതിനേക്കാൾ രണ്ട് വോട്ടാണ് മണ്ഡലത്തിൽ കൂടിയത്.അവിടെ ശിവസേനയുടെ(യു.ബി.ടി) സ്ഥാനാർത്ഥിയായ അമോൽ ഗജാനനെ ശിവസേനയുടെ രവീന്ദ്ര ദത്താറാം വൈകർ തോൽപ്പിച്ചത് 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
- രാജസ്ഥാനിലെ ജയ്പൂർ റൂറലിൽ 1,238,818 വോട്ടുകളാണ് ഇ.വി.എമ്മിൽ പോൾ ചെയ്തത്.എന്നാൽ എണ്ണിയത് 1,237,966 വോട്ടുകൾ മാത്രമാണ്.അതായത് 852 വോട്ടുകൾ എണ്ണിയില്ല. എന്നാൽ ഇവിടെ ബിജെപിയുടെ റാവു രാജേന്ദ്ര സിംഗ് 1615 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
- ഛത്തീസ്ഗഡിലെ കാങ്കറിൽ 1,261,103 വോട്ടുകളാണ് പോൾ ചെയ്ത്.എണ്ണിയത് 1,260,153 വോട്ടുകൾ മാത്രം.അതായത് 950 വോട്ടുകൾ എണ്ണിയില്ല.ബിജെപിയുടെ ഭ്രോജ്‌രാജ് നാഗ് 1,884 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ ജയിച്ചത്.
- ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 1,032,244 വോട്ടുകൾ പോൾ ചെയ്തെങ്കിലും 1,031,784 വോട്ടുകൾ മാത്രമാണ് എണ്ണിയത്. അതായത് 460 വോട്ടുകൾ എണ്ണിയില്ല. ബിജെപിയുടെ മുകേഷ് രാജ്പുത 2,678 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്.
എണ്ണാത്ത വോട്ടിനേക്കാൾ ഇരട്ടിയിലേറെ ഭൂരിപക്ഷത്തിൽ സ്ഥാനാർഥി ജയിച്ചതിനാൽ എതിർ സ്ഥാനാർഥികളിൽ മിക്കവരും റീ കൗണ്ടിങ്ങ് ആവശ്യപ്പെടാൻ മടിക്കും. സംശയങ്ങളും പരാതികളും ഉയർന്നിട്ട് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഇനിയും വിശദീകരിച്ചിട്ടില്ല. ഇ.വി.എമ്മുകളുടെ സാങ്കേതിക തകരാറോ ക്ലറിക്കൽ പിശകോ ഉയർത്തിയാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിത്തിട്ടെപ്പെടുത്താം.എന്നാൽ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണിയതിനെ പറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് മറുപടിയാണ് നൽകുന്നതെന്ന് അറിയാൻ താൽപര്യമുണ്ട്. പുതിയ സർക്കാർ അധികാരത്തിലേറിയിട്ടും വോട്ടിങ് മെഷീനെ പറ്റിയുള്ള കണക്കുകൾ വെച്ചുള്ള സംശയങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഇനിയും മറുപടി നൽകിയിട്ടില്ല. ദ വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഓരോ മണ്ഡലത്തിലും കൂടിയ വോട്ടുകളെയും കുറഞ്ഞ വോട്ടുകളെയും പറ്റിയുള്ള വിശദമായ റിപ്പോർട്ട് എന്താണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകാത്തത്.പോൾ ചെയ്ത ഇ.വി.എം വോട്ടുകളുടെ എണ്ണവും ഇമെയിലിലൂടെയും എക്‌സിലുടെയും ചോദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകിയില്ലെന്നും പൂനം അഗർവാൾ പറഞ്ഞു.
Adjust Story Font
16