Quantcast

അസമിൽ വിദേശികളെന്ന് മുദ്രകുത്തി 28 പേരെ തടങ്കൽ പാളയത്തിലേക്ക് മാറ്റി; പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

എൻപിആറും എൻആർസിയും നടപ്പാക്കിയാൽ മുസ്‍ലിംകളുടെ ഈ കാഴ്ച രാജ്യമാകെ കാണേണ്ടി വരുമെന്ന് ഉവൈസി

MediaOne Logo

Web Desk

  • Published:

    4 Sep 2024 7:37 AM GMT

assam nrc
X

ഗുവാഹത്തി: അസമിൽ വിദേശികളെന്ന് ഫോറീനേഴ്സ് ട്രിബ്യൂണൽ മുദ്രകുത്തിയ 28 പേരെ തടങ്കൽ പാളയത്തിലേക്ക് മാറ്റി. പടിഞ്ഞാറൻ അസമിലെ ബാർപേട്ട ജില്ലയിലാണ് സംഭവം. ഗോൾപാറ ജില്ലയിലെ മാട്ടിയയിലെ തടങ്കൽ പാളയത്തിലാണ് ഇവരെ പാർപ്പിച്ചിട്ടുള്ളത്. 3000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തടങ്കൽ പാളയമാണിത്. വിദേശികളെ നാടുകടത്തും മുമ്പ് താമസിപ്പിക്കുന്ന ട്രാൻസിറ്റ് ക്യാമ്പ് എന്നാണ് ഇതിനെ സർക്കാർ ഔദ്യോഗികമായി വിളിക്കുന്നത്.

തടങ്കൽ പാളയത്തിലേക്ക് മാറ്റിയ 28 പേരിൽ 19 പുരുഷൻമാരും ഒമ്പത് സ്ത്രീകളുമാണുള്ളത്. ബാർപേട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇവരെ തിങ്കളാഴ്ച എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറ്റി തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോയി. ഇവരുടെ ബന്ധുക്കളും ഈ സമയത്ത് എസ്പി ഓഫിസിന് മുന്നിൽ സന്നിഹിതരായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാണ് ബന്ധുക്കൾ ഇവരെ യാത്രയാക്കിയത്. ബസിൽ കൊണ്ടുപോകുമ്പോഴും സ്​ത്രീകളടക്കമുള്ളവർ കരയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എല്ലാം മുസ്‍ലിംകൾ

വിദേശികളായി മുദ്രകുത്തിയവരെല്ലാം ബംഗാളി മുസ്‍ലിം സമുദായത്തിൽപെട്ടവരാണ്. വിപുലമായ തിരച്ചിൽ പ്രവർത്തനങ്ങൾക്കും നിയമപരമായ പരിശോധനകൾക്കും ശേഷമാണ് 28 പേരെ വിദേശികളായി പ്രഖ്യാപിച്ചതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സുശന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ട്രിബ്യൂണലിന്റെ നിർദേശപ്രകാരമാണ് പൊലീസ് നടപടിയെടുത്തത്. തുടർന്ന് ഇവരെ തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കുകയും ചെയ്തു’ -എസ്പി കൂട്ടിച്ചേർത്തു.

അസമിൽ അനധികൃതമായി താമസിക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്തി തടങ്കൽ പാളയത്തിലേക്ക് മാറ്റുക എന്നത് ബിജെപി സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. വിദേശികളെന്ന് സംശയിക്കുന്നവരുടെ കേസുകൾ തീർപ്പാക്കാൻ വേണ്ടി ആരംഭിച്ച അർദ്ധ ജുഡീഷ്യൽ ബോഡിയാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ. ഇത്തരക്കാരെ അസം പൊലീസിന്റെ ബോർഡർ വിങ്ങാണ് കണ്ടെത്തുന്നത്. തുടർന്ന് ഇവർ ട്രിബ്യൂണലിന് മുമ്പാകെ ഹാജരാക്കും. ഇത്തരത്തിൽ 100 ട്രിബ്യൂണലുകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്. പൗരത്വം സംബന്ധിച്ച് സംശയമുള്ളവരെ വോട്ട് ചെയ്യുന്നതിൽനിന്ന് 1997ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വിലക്കിയിട്ടുണ്ട്.

സംശകരാമയ 1,19,570 വോട്ടർമാരിൽ 54,411 പേരെ വിദേശികളായി ​ട്രിബ്യൂണൽ ​പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആഗസ്റ്റ് 22ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയമസഭയെ അറിയിച്ചിരുന്നു. മാട്ടിയയിലെ തടങ്കൽ പാളയത്തിൽ നിലവിൽ 210 പ്രഖ്യാപിത വിദേശികളുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

എതിർത്ത് ഉവൈസി

28 പേരെ തടങ്കൽ പാളയത്തിലേക്ക് അയച്ച നടപടിയെ എതിർത്ത് അസദുദ്ദീൻ ഉവൈസി എം.പി രംഗത്തുവന്നു. ഈ വർഷം സെൻസസിനൊപ്പം നാഷനൽ പോപ്പുലേഷൻ രജിസ്റ്ററും നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൻഷിപ്പും നടപ്പായാൽ മുസ്‍ലിംകളുടെ ഈ കാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗത്തും കാ​ണേണ്ടി വരുമെന്ന് ഉവൈസി പറഞ്ഞു. അതുകൊണ്ടാണ് സെൻസസിനൊപ്പം എൻപിആറും എൻആർസിയും നടത്തുന്നത് തെലങ്കാനയടക്കമുള്ള സംസ്ഥാനങ്ങൾ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 28 പേരെ തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ വിഡിയോയും ഉവൈസി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

പൗരത്വം പുനഃസ്ഥാപിച്ച് സുപ്രിംകോടതി

അതേസമയം, ഫോറിനേഴ്സ് ട്രിബ്യൂണൽ റദ്ദാക്കിയ അസം സ്വദേശിയുടെ പൗരത്വം സുപ്രിംകോടതി 12 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ചത് വലിയ വാർത്തയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഭവം. മുഹമ്മദ് റഹീം അലി എന്നയാളുടെ പൗരത്വമാണ് പുനഃസ്ഥാപിച്ചത്. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കു​ടിയേറിയെന്നാരോപിച്ചാണ് പൗരത്വം റദ്ദാക്കിയത്. ഇദ്ദേഹത്തിനെതിരെ 2004ല്‍ പൊലീസ് ആരംഭിച്ച നടപടികൾ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ലാഹ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

1971 മാർച്ച് 25ന് ശേഷം ഇയാൾ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയെന്നാണ് അസം അധികൃതർ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇദ്ദേഹം ഇന്ത്യയിലേക്ക് അനധികൃതമായി കുടയേറിയെന്നത് ആരോപണം മാത്രമാണ്. ഇയാൾ ബംഗ്ലാദേശിൽനിന്ന് അസമിൽ എത്തിയെന്നതിന്റെ വിവരം എങ്ങനെ ലഭിച്ചെന്ന് പറയാൻ അധികൃതർ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഫോറീനേഴ്സ് ട്രിബ്യൂണലിന്റെ വിധി അലി ഗുവാഹത്തി ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. ട്രിബ്യൂണലിന്റെ തീരുമാനം ആദ്യഘട്ടത്തിൽ കോടതി സ്റ്റേ ചെയ്തെങ്കിലും 2015 നവംബറിൽ ഹരജി തള്ളി. തുടർന്ന് ഇദ്ദേഹം സുപ്രിംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

Summary : In Assam, 28 people were branded as foreigners and shifted to a detention camp

TAGS :

Next Story