മുസ്‍ലിം സ്ത്രീകളെ 'വില്‍പ്പനയ്ക്ക് വെച്ച' ബുള്ളി ബായ്: എഞ്ചിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍
21 വയസുകാരനായ എൻജിനീയറിങ് വിദ്യാർഥിയെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്
ബുള്ളി ബായ് ആപ്പ് വഴി മുസ്‍ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. 21 വയസുകാരനായ എൻജിനീയറിങ് വിദ്യാർഥിയെ ബംഗളൂരുവിൽ നിന്നാണ് മുംബൈ പൊലീസ് പിടികൂടിയത്. പൊലീസ് ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‍ലിം സ്ത്രീകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ആപ്പില്‍ അപ്‍ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസി'നു ശേഷമാണ് സമാനമായ ക്യാമ്പെയിന്‍ തുടങ്ങിയത്. സുള്ളി ഡീല്‍സ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.
ദ വയർ, ദ ഹിന്ദു, ന്യൂസ്‌ലോൺഡ്രി അടക്കമുള്ള മാധ്യമങ്ങൾക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്‌ലിം വിദ്വേഷ ക്യാംപയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തന്‍റെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് ട്വീറ്റ് ചെയ്തത്. പിന്നാലെ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവന്നു.
സംഭവം വിവാദമായതോടെ ബുള്ളി ബായ് ആപ്പ് ബ്ലോക്ക് ചെയ്തെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് മുംബൈ പൊലീസ് ഒരാളെ പിടികൂടിയത്. സമൂഹത്തില്‍ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തല്‍. സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, അപകീർത്തിപ്പെടുത്തൽ, അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഡല്‍ഹി പൊലീസും മുംബൈ പൊലീസും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സാമൂഹ്യ പ്രവർത്തകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ട് അഞ്ചു മാസം മുൻപ് 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‍ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആപ്പ്.
Adjust Story Font
16