ഗുജറാത്തില്‍ പശുപരിപാലനത്തിന് ദിവസവും 40 രൂപ; വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി
രാജ്കോട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്‌കോട്ട്: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഓരോ പശുവിന്‍റെയും പരിപാലനത്തിനായി ദിവസം 40 രൂപ വീതം നല്‍കുമെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കറവയില്ലാത്ത കന്നുകാലികള്‍ക്ക് ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. രാജ്കോട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഡൽഹിയിൽ, ഓരോ പശുവിന്‍റെയും പരിപാലനത്തിനായി ഞങ്ങൾ പ്രതിദിനം 40 രൂപ നൽകുന്നു. ഡൽഹി സർക്കാർ 20 രൂപയും നഗർ നിഗം 20 രൂപയും നൽകുന്നു. ഗുജറാത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയാല്‍ ഒരു പശുവിന് പ്രതിദിനം 40 രൂപ നൽകും'' കേജ്‍രിവാള്‍ പറഞ്ഞു. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്കായി തൊഴുത്തുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും പരിഹസിച്ച അദ്ദേഹം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും ആരോപിച്ചു. എ.എ.പിയുടെ വോട്ടുകൾ പിടിച്ചെടുക്കാനും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ബി.ജെ.പി കോൺഗ്രസിന് നൽകിയിട്ടുണ്ടെന്നും കേജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഐബി റിപ്പോര്‍ട്ട് അനുസരിച്ച് തന്‍റെ പാര്‍ട്ടി സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 150 സീറ്റുകള്‍ നല്‍കി ആംആദ്മിയെ അധികാരത്തിലെത്തിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Adjust Story Font
16