മുഖ്യമന്ത്രിയെ എംഎൽഎ ആക്കിയതുപോലെ കശ്മീരിനെ കേന്ദ്രം തരംതാഴ്ത്തി: ഗുലാം നബി ആസാദ്
സംസ്ഥാന പദവി പുനഃസ്ഥാപിക്കാതെ കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര നീക്കത്തെയും ഗുലാം നബി വിമർശിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുഖ്യമന്ത്രിയെ എംഎൽഎ പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
''സാധാരണഗതിയിൽ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയർത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. ഇത് ഡിജിപിയെ എസ്എച്ച്ഒ ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എംഎൽഎ ആക്കുന്നതുപോലെയാണ്. സാമാന്യ ബുദ്ധിയുള്ള ഒരാളും ഇങ്ങനെ ചെയ്യില്ല''-കുൽഗാമിൽ നടന്ന പരിപാടിയിൽ ഗുലാം നബി പറഞ്ഞു.
ശൈത്യകാലത്ത് കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര നീക്കത്തെയും ഗുലാം നബി വിമർശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സർവകക്ഷി യോഗത്തിൽ ഞങ്ങൾ അറിയിച്ചതാണ്. എന്നാൽ ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഫെബ്രുവരിയോടെ അതിർത്തി നിർണയം പൂർത്തിയാക്കണമെന്നും തുടർന്ന് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗുലാം നബി ആവശ്യപ്പെട്ടു.
Adjust Story Font
16