ആഭ്യന്തരം ഫഡ്നാവിസിന്, ഷിൻഡെക്ക് നഗരവികസനം; മഹാരാഷ്ട്രയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം
അജിത് പവാറിന് ധനകാര്യം
മഹാരാഷ്ട്ര: സംസ്ഥാനത്ത് വിവിധ കാബിനറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മഹായുതി സഖ്യത്തിൽ ഒടുവിൽ തീരുമാനമായി. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരം കൈകാര്യം ചെയ്യും. കൂടാതെ, നിയമം, ജുഡീഷ്യറി വകുപ്പ് കൂടിയുണ്ട് അദ്ദേഹത്തിന്.
ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെക്ക് നഗര വികസനം, ഭവന, പൊതുമരാമത്ത് വകുപ്പ് എന്നിവ ലഭിച്ചു. മറ്റൊരു ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യം, ആസൂത്രണം, എക്സൈസ് എന്നീ വകുപ്പുകളാണുള്ളത്.
വലിയ ഭൂരിപക്ഷം നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരത്തിലേറി ദിവസങ്ങളായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ സാധിച്ചിരുന്നില്ല. മുന്നണിയിൽ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ഒടുവിൽ വിവിധ വകുപ്പുകൾ പ്രഖ്യാപിച്ചത്. ഡിസംബര്‍ 15നാണ് 39 പേരെ കൂടി ഉള്‍പ്പെടുത്തി ഫഡ്നാവിസ് മന്ത്രിസഭ വികസിപ്പിച്ചത്.
ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നാണ് മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അഭ്യന്തരം വിട്ടൊരു കളിയില്ലെന്ന് ബിജെപിയും വാശിപിടിച്ചു. ഇതോടെയാണ് വകുപ്പ് വിഭജനം കീറാമുട്ടിയായത്.
പുതിയ മന്ത്രിസഭയില്‍ മുൻ മഹായുതി സർക്കാരിലെ 10 മന്ത്രിമാരെ ഒഴിവാക്കിയപ്പോൾ 16 പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയത്. ബിജെപിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11ഉം അജിത് പവാറിൻ്റെ എൻസിപിക്ക് ഒമ്പതും മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്.
Adjust Story Font
16