തെലങ്കാനയിൽ ഇടത് പാർട്ടികളെ ഒപ്പം നിർത്താൻ കോൺഗ്രസ്
ധാരണയിലെത്തിയാൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകും തെലങ്കാന
കോണ്‍ഗ്രസ്
ഡല്‍ഹി: തെലങ്കാനയിൽ ഇടത് പാർട്ടികളെ ഒപ്പം നിർത്താൻ കോൺഗ്രസ്. സീറ്റ് ധാരണയിലടക്കം ഇടത് പാർട്ടികളുമായുള്ള ചർച്ച വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കമാൻഡ് തെലങ്കാന പിസിസിക്ക് നിർദേശം നൽകി. ധാരണയിലെത്തിയാൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകും തെലങ്കാന .
തെലങ്കാനയിൽ ബി.ആര്‍.എസിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അഭിപ്രായ സർവ്വെ കൾ കോൺഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത് . സി.പി.എം.സി.പി.ഐ ഫോർവേർഡ് ബ്ലോക്ക് എന്നീ ഇടത് പാർട്ടികളുമായാണ് കോൺഗ്രസ് സീറ്റ് ധാരണ സംബന്ധിച്ച് ചർച്ച നടത്തുന്നത്.
ഇടത് പാർട്ടികൾ ആവശ്യപ്പെട്ട ചില സീറ്റുകൾ വിട്ട് കൊടുക്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് ചർച്ചകൾ നീണ്ട് പോകാൻ കാരണം. സീറ്റ് ധാരണ സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കാനാണ് കോൺഗ്രസ് ശ്രമം . അതിനിടെ തെലങ്കാനയിൽ ബി.ജെ.പിയുമായി സീറ്റ് ധാരണയ്ക്ക് ജനസേന പാർട്ടി ശ്രമം തുടങ്ങി . പാർട്ടി നേതാവ് പവൻ കല്യാൺ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ആന്ധ്ര പ്രദേശിൽ റ്റി.ഡി.പിയുമായി സഖ്യം പ്രഖ്യാപിച്ച ജനസേന ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16