ത്രിപുരയിൽ ഹിജാബണിഞ്ഞ് സ്‌കൂളിലെത്തിയ വിദ്യാർഥിനികളെ ഹിന്ദുത്വവാദികൾ തടഞ്ഞു; സംരക്ഷിക്കാൻ ശ്രമിച്ച വിദ്യാർഥിയെ മർദിച്ചു
ഒരാഴ്ച മുമ്പ് വിഎച്ച്പിയിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികൾ സ്‌കൂളിൽ വന്നിരുന്നതായും മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഹെഡ്മാസ്റ്റർ
ഗുവാഹത്തി: ത്രിപുരയിൽ ഹിജാബണിഞ്ഞ് സ്‌കൂളിലെത്തിയ മുസ്‌ലിം വിദ്യാർഥിനികളെ ഹിന്ദുത്വവാദികൾ തടഞ്ഞു. പെൺകുട്ടികളെ സംരക്ഷിക്കാൻ ശ്രമിച്ച മുസ്‌ലിം വിദ്യാർഥിയെ അവർ ക്രൂരമായി മർദിച്ചു. സെപാഹിജാല ജില്ലയിലെ ബിഷാൽഗഢ് ഭാഗത്തുള്ള കരായിമുറ സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിയെയാണ് പുറത്തുനിന്നെത്തിയ അക്രമികൾ സ്‌കൂളിന്റെ മുമ്പിൽ വച്ച് വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തതെന്നും ഹെഡ്മാസ്റ്റർ അടക്കമുള്ളവർ ഇടപെട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡുപരോധിച്ച് പ്രതിഷേധിച്ചു. സ്‌കൂളുമായി ഒരു ബന്ധവുമില്ലാത്ത കൂട്ടം അതിക്രമം അഴിച്ചുവിടുകയായിരുന്നു.
സംഭവം നടന്ന സെപാഹിജാല ജില്ലയിലെ ബിഷാൽഗഢ് ഭാഗത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് വിഎച്ച്പിയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പൂർവ വിദ്യാർഥികൾ സ്‌കൂളിൽ വന്നിരുന്നതായും മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സ്‌കൂളിലെ ഹെഡ്മാസ്റ്റർ പ്രിയാതോഷ് നന്ദി വ്യക്തമാക്കി. ഹിജാബ് സ്‌കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്നായിരുന്നു അവരുടെ വാദമെന്നും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വ്യക്തമായ മാർഗദർശനമില്ലെങ്കിലും കുട്ടികളോട് ഹിജാബ് ധരിക്കരുതെന്നാണ് ഹെഡ്മാസ്റ്റർ നിർദേശിച്ചിരിക്കുന്നത്.
ചിലർ റിപ്പോർട്ട് ചെയ്തത് പോലെ സംഭവം സാമുദായിക പ്രശ്‌നമല്ലെന്ന് പൊലീസ് അവകാശപ്പെട്ടു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം നടക്കുന്നുണ്ടെന്നും പറഞ്ഞു. വിവിധ സമുദയാംഗങ്ങൾ ഒന്നിച്ചു താമസിക്കുന്ന പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാകാനായി ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയുമാണ്.
In Tripura, Hindutvadis stopped Muslim girl students wearing hijab and coming to school; The student who tried to save him was beaten up
Adjust Story Font
16