Quantcast

പോസ്റ്റ്‌മോർട്ടം ടേബിളിലും രക്ഷയില്ല; യുപിയിൽ മൃതദേഹങ്ങളിൽ നിന്ന് ആഭരണം മോഷ്ടിക്കുന്ന റാക്കറ്റ് വലയിൽ

പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ തന്റെ സഹോദരിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് കാട്ടി ഒരു പൊലീസുദ്യോഗസ്ഥ നൽകിയ പരാതിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-06-26 12:31:19.0

Published:

26 Jun 2024 12:27 PM GMT

In UP Autopsy Room, Corpses Not Safe From Thieves
X

ലഖ്‌നൗ: യുപിയിൽ മൃതദേഹങ്ങളിൽ നിന്ന് ആഭരണം മോഷ്ടിക്കുന്ന റാക്കറ്റ് വലയിൽ. പോസ്റ്റ്‌മോർട്ടം ടേബിളിലെത്തുന്ന മൃതദേഹങ്ങളിൽ നിന്ന് സ്വർണവും മറ്റും മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. യുപിയിലെ ഹർദോയ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. എത്രപേരാണ് പിടിയിലായത് എന്നത് പൊലീസ് പുറത്തുവിട്ടിട്ടില്ല

പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ തന്റെ സഹോദരിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് കാട്ടി ഒരു പൊലീസുദ്യോഗസ്ഥ നൽകിയ പരാതിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. യുവതിയുടെ മൂക്കുത്തിയുൾപ്പടെയുള്ള ആഭരണങ്ങൾ കളവ് പോയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ റാക്കറ്റ് വലയിലായി. ആശുപത്രി ജീവനക്കാരെ കൂട്ടുപിടിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. ഇവരിൽ താല്ക്കാലിക ജീവനക്കാരായ രണ്ടുപേരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.റോഹ്താഷ് കുമാർ അറിയിച്ചു.

പിടിയിലായവരിൽ രൂപേഷ് പട്ടേൽ എന്ന യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ രൂപേഷ് പട്ടേൽ എന്ന യുവാവ് യുപിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്ഥിരം ജീവനക്കാരനാണ്. തന്നെ കുടുക്കിയതാണെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. റാക്കറ്റിന്റെ തലപ്പത്ത് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും ഇയാൾ ആരോപിക്കുന്നു.

ആശുപത്രിയിൽ വെച്ച് മൃതദേഹങ്ങളിൽ നിന്ന് കുറച്ചുപേർ ആഭരണം മോഷ്ടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇത് രൂപേഷ് തന്നെ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നാണ് ഇയാൾ പറയുന്നത്. ഈ വീഡിയോയിൽ ആശുപത്രി ജീവനക്കാരുടെ സാന്നിധ്യമില്ലെന്നാണ് മെഡിക്കൽ ഓഫീസറുടെ വിശദീകരണം.

എന്നാൽ ഇക്കാര്യങ്ങളിലൊക്കെ സ്ഥിരീകരണം നടത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

TAGS :

Next Story