ബിബിസി ഓഫീസുകളിൽ രാത്രി വൈകിയും ആദായനികുതി റെയ്ഡ് തുടരുന്നു; പ്രതിഷേധം ശക്തം
ബിബിസി ഓഫീസുകളിൽ നടക്കുന്ന പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗിൽഡും രംഗത്തെത്തി
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന രാത്രി വൈകിയും തുടരുന്നു. അന്താരാഷ്ട്ര നികുതികളിൽ ഉൾപ്പെടെ ക്രമക്കേടുണ്ടെന്ന പരാതികളിലാണ് റെയ്ഡ്. എന്നാൽ ഓഫീസുകളിലേത് പരിശോധനയല്ല സർവേയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. രാവിലെ 11.30 ഓടെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന. 11 മണിക്കൂർ നീണ്ട പരിശോധനയിൽ ചില രേഖകൾ, മാധ്യമ പ്രവർത്തകരുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തു.
പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗിൽഡും രംഗത്തെത്തി. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപിനത്തിൽ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പ്രതികരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തരുടെയും ആരോപിച്ചു. അദാനി വിഷയത്തിൽ വലിയ പ്രതിഷേധം നടക്കുമ്പോഴും സർക്കാർ ബിബിസിയുടെ പിന്നാലെയാന്നെന്നും വിനാശകാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. ബിബിസി ഓഫീസുകളിൽ നടക്കുന്ന പരിശോധനകൾ യുകെ ഗവൺമെൻറ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഫോണുകൾ മടക്കി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. എട്ട് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയോട് പൂർണമായും സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. നടന്നത് സർവ്വേ ആണെന്നും പരിശോധനയായി തെറ്റിദ്ധരിക്കേണ്ടതില്ല എന്നും ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു.
പരിശോധനക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തുടങ്ങിയവർ രംഗത്ത് എത്തി. പരിശോധനയുടെ ഉദ്ദേശശുദ്ധി അങ്ങേയറ്റം സംശയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം, പരിശോധനയെ പിന്തുണച്ച് ബിജെപി രംഗത്ത് എത്തി. ആരും നിയമത്തിന് അതീതരല്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. ബിബിസി അഴിമതി കോർപ്പറേഷൻ എന്ന് ബിജെപി വക്താവ് സൗരവ് ഭാട്ടിയ പ്രതികരിച്ചു.
Income tax raid on BBC offices condemned by opposition and editors' guild
Adjust Story Font
16