മോദി വിദ്വേഷ പ്രസംഗം നടത്തിയ ബൻസ്വാരയിൽ ഇൻഡ്യാ സഖ്യം മുന്നിൽ
ഭാരത് ആദിവാസി പാർട്ടിയുടെ സ്ഥാനാർഥിയായ രാജ്കുമാർ റോത്ത് 1,24,894 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയ രാജസ്ഥാനിലെ ബൻസ്വാരയിൽ ഇൻഡ്യാ സഖ്യം മുന്നിൽ. ഇൻഡ്യാ സഖ്യത്തിലെ ഭാരത് ആദിവാസി പാർട്ടിയുടെ സ്ഥാനാർഥിയായ രാജ്കുമാർ റോത്ത് 1,24,894 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. മഹേന്ദ്രജീത്‌സിങ് മാൾവ്യ ആണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
ഏപ്രിൽ 21-നാണ് ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യുമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‌ലിംകളാണെന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പറഞ്ഞുവെന്ന പച്ചക്കളവും മോദി പറഞ്ഞിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുകയാണ്. ഒരുഘട്ടത്തിൽ 300 സീറ്റ് കടന്ന എൻ.ഡി.എ പിന്നീട് 298ലേക്ക് താഴ്ന്നു. ഇൻഡ്യാ സഖ്യം 225 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ 17 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തൃശൂരിലും തിരുവനന്തപുരത്തും എൻ.ഡി.എക്കാണ് മുന്നേറ്റം. ആലത്തൂരിൽ മാത്രമാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്.
Adjust Story Font
16