'പെരുമാറ്റചട്ടം നിലനിൽക്കെ കെജ്‌രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധം'; ഇൻഡ്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു
പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര ഏജൻസികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇൻഡ്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കെ.സി വേണുഗോപാൽ, അഭിഷേക് സിങ് വി (കോൺഗ്രസ്), ഡെറിക് ഒബ്രിയാൻ, മുഹമ്മദ് നദീമുൽ ഹഖ് (ടി.എം.സി), സീതാറാം യെച്ചൂരി (സി.പി.എം), സന്ദീപ് പഥക്, പങ്കജ് ഗുപ്ത (എ.എ.പി), ജിതേന്ദ്ര അവ് ഹാദ് (എൻ.സി.പി), പി. വിൽസൺ (ഡി.എം.കെ), ജാവേദ് അലി (എസ്.പി) എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ എല്ലാ പാർട്ടികൾക്കെതിരെയും നടപടിയുമായി വരികയാണ്. എന്നാൽ ഭരണക്ഷത്തെ ഒരു നേതാവിനെതിരെ പോലും നടപടിയുണ്ടാവുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പക്ഷപാതപരമായ നടപടികൾ ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാറുള്ളത്. എന്നാൽ കേന്ദ്ര ഏജൻസികളുടെ കാര്യത്തിൽ എന്തുകൊണ്ടാണ് ഈ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കാത്തതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നും നേതാക്കൾ പറഞ്ഞു.
Adjust Story Font
16