14 അവതാരകരെ ബഹിഷ്ക്കരിക്കാന്‍ ഇൻഡ്യ മുന്നണി
വാര്‍ത്തകളെ വർഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ബഹിഷ്‌ക്കരണ കാരണമായി ചൂണ്ടിക്കാട്ടുന്നത്
ന്യൂഡൽഹി: വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന 14 അവതാരകരെ ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി. റിപബ്ലിക് ടി.വി, ടൈംസ് നൗ, ന്യൂസ്18, ദൂരദർശൻ ഉള്‍പ്പെടെയുള്ള ചാനലുകളിലെ അവതാരകരെ ബഹിഷ്‌ക്കരിക്കാനാണു തീരുമാനം. അര്‍ണബ് ഗോസ്വാമി, നവിക കുമാര്‍, സുധീര്‍ ചൗധരി, റുബിക ലിയാഖത് എന്നിവരും കൂട്ടത്തിലുണ്ട്.
ഗോദി മീഡിയ എന്ന പേരിൽ അറിയപ്പെടുന്ന, മോദി ഭരണകൂടത്തിനു വേണ്ടി വാർത്തകൾ പടച്ചുണ്ടാക്കുന്ന മാധ്യമങ്ങളെയും ചാനൽ അവതാരകരെയും ബഹിഷ്‌ക്കരിക്കാനാണ് ഇൻഡ്യ മുന്നണിയുടെ മാധ്യമ വിഭാഗത്തിന്റെ തീരുമാനം. നവിക കുമാർ(ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി(റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ്(ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ(ന്യൂസ്18), അതിഥി ത്യാഗി(ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി(ആജ് തക്), റുബിക ലിയാഖത്(ഭാരത്24), ഗൗരവ് സാവന്ത്, ശിവ് അരൂർ(ഇന്ത്യ ടുഡേ), പ്രാച്ഛി പരാശ്വര്‍((ഇന്ത്യ ടി.വി), സുശാന്ത് സിൻഹ(ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികൾ ബഹിഷ്‌ക്കരിക്കാനാണു തീരുമാനം. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന മുന്നണിയുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ 12 പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
വാര്‍ത്തകളെ വർഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ബഹിഷ്‌ക്കരണ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം പൊതുപ്രശ്‌നങ്ങളിൽനിന്നും വിഷയങ്ങളില്‍നിന്നും ഇവർ ശ്രദ്ധ തിരിക്കുന്നതായും ആരോപിക്കുന്നു. തുടക്കത്തിൽ ഏതാനും മാസത്തേക്കായിരിക്കും ബഹിഷ്‌ക്കരണം. ഇവരുടെ സമീപനത്തിൽ മാറ്റമുണ്ടെങ്കിൽ തീരുമാനം പുനഃപരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കിൽ ഇത്തരം ചാനലുകൾക്കു പരസ്യങ്ങൾ നിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടാകുമെന്ന് മാധ്യമ വിഭാഗത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് 'ന്യൂസ്‍ലോന്‍ഡ്രി' റിപ്പോർട്ട് ചെയ്തു.
അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾക്കും മുന്നണി തുടക്കംകുറിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലായിരിക്കും സീറ്റ് വിഭജന ചർച്ച നടക്കുക. തർക്കങ്ങൾ ഉടലെടുത്താൽ ദേശീയനേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കും. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുറാലികൾ നടത്താനും തീരുമാനമുണ്ട്. മധ്യപ്രദേശിലെ ഭോപ്പാലിൽ ഒക്ടോബറിലാണ് ആദ്യ റാലി പ്രഖ്യാപിച്ചിട്ടുള്ളത്.
Summary: INDIA alliance will boycott 14 news channel anchors
Adjust Story Font
16