Quantcast

ബന്ധം കൂടുതൽ വഷളാകുന്നു; നയ​തന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കി ഇന്ത്യയും കാനഡയും

ആക്ടിംഗ് ഹൈകമ്മീഷണർ അടക്കം ആറുപേരെയാണ് ഇന്ത്യ പുറത്താക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-10-14 17:08:44.0

Published:

14 Oct 2024 5:03 PM GMT

india and canada
X

ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ആക്ടിംഗ് ഹൈകമ്മീഷണർ അടക്കം ആറുപേരെയാണ് ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ചക്കകം ഇന്ത്യയിൽനിന്ന് പോകണമെന്നാണ് നിർദേശം. ആക്ടിങ് ഹൈകമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്പ്ക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.

കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷണർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു. അതേസമയം, ഹൈകമ്മീഷണർ അടക്കം ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡയും അറിയിച്ചു. ഇന്ത്യ ഇവരെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക്‌ പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുകൾ ആരംഭിച്ചത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരർക്കും തീവ്രവാദികൾക്കും കാനഡ അഭയം നൽകിയെന്നും ഇന്ത്യ ആരോപിച്ചു.

ഹർദീപ് സിങ് നിജ്ജാർ വധത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കാണിച്ച് കാനഡ അയച്ച കത്തിനാണ് ഇന്ത്യയുടെ മറുപടി. കനേഡിയൻ പ്രസിഡന്റ്‌ ട്രൂഡോയെ പേരെടുത്ത് വിമർശിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ട്രൂഡോ സർക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരിൽ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം കാനഡയിലുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ കാനഡയിലുണ്ട്.

കുടിയേറ്റ നയങ്ങളിൽ കാനഡ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ കാരണം അന്താരാഷ്ട്ര വിദ്യാർഥികൾ പ്രതിസന്ധിയിലാണ്. സ്റ്റഡി പെർമിറ്റുകൾ പരിമിതപ്പെടുത്തിയതും സ്ഥിരതാമസിത്തുനള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായത്. പുതിയ നയങ്ങൾ കാരണം 70,000ത്തിലധികം ബിരുദ വിദ്യാർഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇതിനിടയിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്നത്.

TAGS :

Next Story