യാത്രാവിലക്ക് പിൻവലിക്കണമെന്ന് ഇന്ത്യ; വിവിധ രാജ്യങ്ങളുമായി ആശയവിനിമയം തുടങ്ങി
ഗൾഫ് ഉൾപ്പെടെ ഇരുപതിലേറെ രാജ്യങ്ങളുമായുള്ള എയർ ബബിൾ സംവിധാനം സമ്പൂർണ സ്വഭാവത്തിൽ പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ച് ഇന്ത്യ. യാത്രാവിലക്ക് പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യങ്ങളുമായി ആശയവിനിമയത്തിന് തുടക്കം കുറിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടികൾ ശക്തമാക്കി യാത്രക്കാരുടെ പോക്കുവരവിന് സൗകര്യം ഒരുക്കാനാണ് കേന്ദ്രനീക്കം.
രണ്ടാം കോവിഡ് തരംഗം രൂക്ഷമായി ബാധിച്ചതിനെ തുടർന്ന് ഇന്ത്യക്ക് പല രാജ്യങ്ങളും യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസം ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ. ഗൾഫ് ഉൾപ്പെടെ ഇരുപതിലേറെ രാജ്യങ്ങളുമായുള്ള എയർ ബബിൾ സംവിധാനം സമ്പൂർണ സ്വഭാവത്തിൽ പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കെ നിയന്ത്രണങൾക്കു വിധേയമായി വിമാന സർവീസുകൾ പുനരാരംഭിക്കാം എന്ന വിലയിരുത്തലാണ് കേന്ദ്രസർക്കാർ മുന്നോട്ടു വെക്കുന്നത്. നാല് ലക്ഷത്തിനു മുകളിൽ ഉണ്ടായിരുന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ അര ലക്ഷത്തിനും ചുവടേക്ക് വന്നിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകാനുളള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കവും ഇന്ത്യക്ക് പ്രേരണയാണ്. യാത്ര പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങളുമായി ആശയ വിനിമയം തുടരുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബക്ഷി അറിയിച്ചു.
Adjust Story Font
16