ചൈനീസ് പ്രകോപനം നടന്ന അരുണാചലില്‍ ഇന്ത്യയുടെ സൈനികാഭ്യാസം ഇന്ന്
അതേസമയം തവാങ് മേഖലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ചൈനയും നീക്കങ്ങൾ ശക്തമാക്കി
ഡല്‍ഹി: ചൈനീസ് പ്രകോപനം നടന്ന അരുണാചൽ പ്രദേശിൽ ഇന്ന് ഇന്ത്യ സൈനിക അഭ്യാസം ആരംഭിക്കും. സുഖോയ് ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങൾ അണിനിരത്തി ആണ് ഇന്ത്യ സൈനിക അഭ്യാസം നടത്തുക. അതേസമയം തവാങ് മേഖലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ചൈനയും നീക്കങ്ങൾ ശക്തമാക്കി.
ഒമ്പതാം തിയതി ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു പിന്നാലെ സർവ സൈനിക സന്നാഹങ്ങളും സംഘർഷ സാധ്യത മേഖലയിലേക്ക് വിന്യസിക്കുകയാണ് ഇന്ത്യ ചെയ്തത്. അസമിലെ തേസ്പൂർ, ചബുവ, ജോർഹട്ട്, പശ്ചിമ ബംഗാൾ ഹസിമാര എന്നീ വ്യോമസേന താവളങ്ങളും സൈന്യം സജ്ജമാക്കിയിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിരീക്ഷണം നടത്താനും സൈനികാഭ്യാസ പ്രകടനങ്ങൾക്കുമായി 30 പോർ വിമാനങ്ങൾ ആണ് വ്യോമസേന അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ വിമാനങ്ങൾ എന്നിവയും സൈനികാഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കും. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് ചൈനീസ് സൈന്യവും ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഇത് വ്യക്തമാക്കുന്ന സാറ്റ്ലൈറ്റ് ചിത്രങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. അതിർത്തി മേഖലയിലെ ചൈനീസ് വ്യോമ താവളങ്ങളിൽ പോർ വിമാനങ്ങൾക്കായി പ്രത്യേക സ്ഥലവും ചൈന തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കരാറുകൾ വർധിച്ചതായി കേന്ദ്ര സർക്കാർ പാർലമെൻ്റിനെ അറിയിച്ചു. ഈ സാമ്പത്തിക വർഷം നവംബർ മാസം വരെയുള്ള കണക്കുകൾ പ്രകാരം 9.56 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ആണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ നടന്നിട്ടുള്ളത്. ഒക്ടോബർ വരെ 5.69 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടന്നത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നടക്കുന്നതിനിടെ ആണ് വ്യാപാര ഇടപാടുകളിൽ 34% വർധനവ് ഉണ്ടായതായി കേന്ദ്ര സർക്കാർ സഭയെ അറിയിച്ചത്. ചൈനയുമായുള്ള വ്യാപാര ഇടപാടുകൾ ബഹിഷ്കരിക്കാൻ ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഇന്നലെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16