കോവിഡ്: ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് പാകിസ്താനികൾ
ഓക്‌സിജൻ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായം നൽകാമെന്ന് പാക് സർക്കാറും വിവിധ സന്നദ്ധ സംഘടനകളും അറിയിച്ചിരുന്നു
ന്യൂഡൽഹി: ഇന്ത്യ-പാക് രാഷ്ട്രീയവൈരത്തിന്റെ തീക്കനലുകൾക്ക് മേൽ സ്‌നേഹത്തിന്റെ നനവായി ഒരു പഠന റിപ്പോർട്ട്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്രാർത്ഥിച്ച രാഷ്ട്രം പാകിസ്താനാണ് എന്നാണ് യുഎസിലെ കാർണെഗി മെലൻ യൂണിവേഴ്‌സിറ്റി (സിഎംയു) നടത്തിയ പഠനം പറയുന്നത്.
ഇന്ത്യ കടുത്ത ഓക്‌സിജൻ പ്രതിസന്ധി നേരിട്ട സമയത്ത് #IndiaNeedsOxygen, #PakistanStandsWithIndia തുടങ്ങിയ ട്വിറ്റർ ഹാഷ്ടാഗുകൾ പരിശോധിച്ചാണ് യൂണിവേഴ്‌സിറ്റി പഠനം തയ്യാറാക്കിയത്. നിർമിത ബുദ്ധി (ആർടിഫിഷ്യൻ ഇന്റലിജൻസ്) ഉപയോഗിച്ചായിരുന്നു പഠനം. ഏപ്രിൽ 21നും മെയ് നാലിനും ഇടയിലുള്ള ട്വീറ്റുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.
ട്രൻഡിങ് ഹാഷ് ടാഗുകൾ ഉൾപ്പെടുത്തിയ മൂന്നുലക്ഷം ട്വീറ്റുകളാണ് ഗവേഷകർ ശേഖരിച്ചത്. ഇതിൽ 55,712 ട്വീറ്റുകളും വന്നത് പാകിസ്താനിൽ നിന്നാണെന്ന് കണ്ടെത്തി. 46,651 ട്വീറ്റുകൾ ഇന്ത്യയിൽ നിന്നും മറ്റുള്ളവ ലോകത്തിലെ മറ്റു ഭാഗങ്ങളിൽ നിന്നുമായിരുന്നു. പാകിസ്താനിൽ നിന്നുള്ള ട്വീറ്റുകളിലധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചായിരുന്നു എന്നാണ് പഠനം പറയുന്നത്.
'വികാരങ്ങൾ ആവിഷ്‌കരിക്കുന്നതിൽ ജനങ്ങളിൽ സാർവലൗകികത ഉണ്ടെന്നാണ് ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത്. വെറുതെ സെർച്ച് ചെയ്താൽ പോലും 44 ശതമാനത്തിന് മുകളിലാണ് പോസിറ്റീവ് ട്വീറ്റുകൾ. പഠനം നടത്തിയ കാലയളവിലെ 83 ശതമാനം ട്വീറ്റുകളും പോസിറ്റീവായിരുന്നു' - ഗവേഷണത്തിന് നേതൃത്വം നൽകിയ ആഷിഖുർ ഖുദാബക്ഷ് പറഞ്ഞു.
ഓക്‌സിജൻ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായം നൽകാമെന്ന് പാക് സർക്കാറും വിവിധ സന്നദ്ധ സംഘടനകളും അറിയിച്ചിരുന്നു. അമ്പത് ആംബുലൻസുകൾ അയയ്ക്കാമെന്നായിരുന്നു പ്രമുഖ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്റെ വാഗ്ദാനം. എന്നാൽ ഇന്ത്യ സഹായം സ്വീകരിച്ചിരുന്നില്ല.
Adjust Story Font
16