ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ പതിച്ച സംഭവം: മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
പാക്കിസ്ഥാനിലെ മിയാന്‍ ചന്നു പട്ടണത്തിനു സമീപമാണു മിസൈല്‍ പതിച്ചത്
ഡൽഹി: ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്‌ക്വാഡ്രൺ ലീഡർ എന്നീ റാങ്കുകളിലുള്ളവർക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം.
'ഈ മൂന്ന് ഉദ്യോഗസ്ഥർക്കാണു സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അവരുടെ സേവനം അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥർക്ക് 23-നു പിരിച്ചുവിടൽ ഉത്തരവുകൾ നൽകി,'' വ്യോമസേന അറിയിച്ചു.
മാർച്ചിലാണ് ഹരിയാനയിലെ സിർസയിൽനിന്നു വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻ ചന്നു പട്ടണത്തിനു സമീപം പതിച്ചത്.
പോർമുനയില്ലാതിരുന്ന മിസൈൽ വീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായതായി പാകിസ്ഥാൻ സൈനിക വക്താവ് മേജർ ബാബർ അക്ബർ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മാർച്ച് ഒമ്പതിനു വൈകിട്ട് 6.43നു വിക്ഷേപിച്ച മിസൈൽ 6.50നാണ് ലക്ഷ്യം തെറ്റി പാകിസ്ഥാനിൽ വീണത്. അറ്റകുറ്റപ്പണികൾക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ ഖേദിക്കുന്നതായും ആളപായമില്ലാത്തതിൽ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16