ബജറ്റിലെ അവഗണന: പാർലമെന്റിൽ ഇന്ന് ഇൻഡ്യാ മുന്നണിയുടെ പ്രതിഷേധം
അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യ നിലയിൽ ആശങ്കയുമായി നേതാക്കൾ
ന്യൂഡൽഹി: ബജറ്റ് അവഗണനയ്ക്കെതിരെ ബുധനാഴ്ച ഇൻഡ്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും. എൻ.ഡി.എ ഇതര സർക്കാരുകളെ പാടെ അവഗണിച്ചതിലാണ് പ്രതിഷേധം. നീതി ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും.
പാർലമെന്റ് കവാടത്തിൽ ഇൻഡ്യാ മുന്നണിയിലെ എം.പിമാർ രാവിലെ പത്തിന് പ്രതിഷേധ ധർണ നടത്തും. ഭരണം നിലനിർത്താനായി ബിഹാറിനും ആന്ധ്ര പ്രദേശിനും ബജറ്റിൽ വാരിക്കോരി നൽകിയപ്പോൾ, മറ്റു സംസ്ഥാനങ്ങളെ പാടെ അവഗണിച്ചെന്നു ഇൻഡ്യാ മുന്നണി കുറ്റപ്പെടുത്തുന്നു.
നീതി ആയോഗ് യോഗത്തിൽനിന്നും വിട്ടുനിൽക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചതിനു പിന്നാലെ, മറ്റു മുഖ്യമന്ത്രിമാരും ഈ മാതൃക സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. പാർലമെന്റ് സെഷൻ തുടങ്ങുമ്പോൾ രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം തുടരും. പ്രതിപക്ഷം വാക്കൗട്ട് തീരുമാനിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഇറങ്ങിപ്പോകാതെ, സംസാരിക്കാൻ അവസരം ലഭിക്കുന്ന എം.പിമാർ സഭയിൽ അവസരം വിനിയോഗിക്കണം എന്നാണ് തീരുമാനം.
വാക്കൗട്ട് നടത്തി പൂർണമായി ഒഴിഞ്ഞുപോയാൽ ബില്ലുകൾ ചർച്ച കൂടാതെ സർക്കാർ പാസാക്കും. ഇങ്ങനെ ഒരു സൗകര്യം ഭരണപക്ഷത്തിന് ഒരുക്കി നൽകാതെ സമരവും സംവാദവും ഒരുമിച്ച് കൊണ്ടുപോകാനാണ് മുന്നണി തീരുമാനം.
അതേസമയം, ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യ നിലയിൽ ഇൻഡ്യാ മുന്നണി ആശങ്ക പ്രകടിപ്പിച്ചു. ആന്ധ്രയിലെ ടി.ഡി.പി പ്രവർത്തകരിൽനിന്നും അക്രമം നേരിടുകയാന്നെന്നു ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ജഗൻ മോഹന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് സമരം നടത്തും.
Adjust Story Font
16