മുസ്‍ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്തും: മോദി
‘പാകിസ്താനിൽ ഇൻഡ്യാ മുന്നണിക്ക് വേണ്ടി പ്രാർഥനകൾ നടക്കുന്നുണ്ട്’
മിർസാപുർ: മുസ്‍ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഒരു വോട്ട് ബാങ്കിന് മാത്രമായാണ് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, പിന്നാക്കക്കാരുടെയും ദരിദ്രരുടെയും അവകാശങ്ങൾക്ക് വേണ്ടിയാണ് മോദി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മിർസാപുരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
രാജ്യത്തെ ജനങ്ങൾ ഇൻഡ്യാ മുന്നണിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ കടുത്ത വർഗീയ വാദികളും ജാതീയരും രാജവംശക്കാരുമാണ്. അവർ അധികാരത്തിൽ വരുമ്പോഴെല്ലാം അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. സമാജ്‍വാദി പാർട്ടി യാദവ സമുദായത്തെ അവഗണിക്കുകയാണ്. അന്തരിച്ച മുലായം സിങ് യാദവിന്റെ കുടുംബാംഗങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പിൽ അവർ ടിക്കറ്റ് നൽകിയതെന്നും മോദി ആരോപിച്ചു.
അതിർത്തിക്കപ്പുറത്തുള്ള ജിഹാദികൾ സമാജ്‍വാദി പാർട്ടിയെയും കോൺഗ്രസിനെയും പിന്തുണക്കുകയാണെന്ന് മറ്റൊരു വേദിയിൽ മോദി പറഞ്ഞു. ഇൻഡ്യാ സഖ്യം രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് പതിറ്റാണ്ടുകൾ പിന്നിലോട്ടാണ് നയിക്കുന്നത്. വികസിത ഇന്ത്യയല്ല അവരുടെ അജണ്ട. പാകിസ്താനിൽ ഇൻഡ്യാ മുന്നണിക്ക് വേണ്ടി പ്രാർഥനകൾ നടക്കുന്നുണ്ട്. മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർത്തതിന് ‘ഇൻഡ്യാ ജമാഅത്ത്’ തന്നെ അധിക്ഷേപിക്കുകയാണെന്നും മോദി പറഞ്ഞു.
അതേസമയം, മോദിക്കെതിരെ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തുവന്നു. കേന്ദ്രത്തിൽ ബി.ജെ.പി അധികാരം നിലനിർത്തില്ലെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം നഷ്ടപ്പെട്ട് പ്രസംഗങ്ങളിൽ പതറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കും. വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് ശേഷം കേന്ദ്ര മന്ത്രിസഭയും മാധ്യമങ്ങളും മാറുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16