‘ഇസ്രായേലിലേക്ക് ഇന്ത്യ ആയുധ കയറ്റുമതി അവസാനിപ്പിക്കണം’; കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു
സുപ്രിംകോടതി മുൻ ജഡ്ജിമാരടക്കമുള്ളവരാണ് കത്തയച്ചത്
ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഇസ്രായേലിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എക്സപോർട്ട് ലൈസൻസുകൾ റദ്ദാക്കണമെന്നും രാജ്യത്തെ പ്രമുഖ പൗരൻമാർ ഉൾപ്പെട്ട സംഘം പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇസ്രായേലിന് സൈനിക സാമഗ്രികൾ എത്തിക്കാനുള്ള സഹകരണം ഇന്ത്യ ഉടൻ അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് തുടരുന്ന വംശഹത്യയ്ക്കും ആക്രമണങ്ങൾക്ക് ഇന്ത്യ നൽകിയ ആയുധങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും രാജ്നാഥ് സിങ്ങിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മുൻ സുപ്രിംകോടതി, ഹൈകോടതി ജഡ്ജിമാർ, സാമ്പത്തിക വിദഗ്ധർ, മനുഷ്യാവകാശ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവരടങ്ങിയ സംഘമാണ് കത്തയച്ചത്.
യുദ്ധക്കുറ്റങ്ങളുടെ ഭാഗമായ രാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകരുതെന്ന വിവിധ അന്താരാഷ്ട്ര ഉടമ്പടികളിൽ ഇന്ത്യയും ഭാഗമാണെന്ന് സംഘം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തെ കുറഞ്ഞത് മൂന്ന് കമ്പനികൾക്കെങ്കിലും ഇസ്രായേലിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യാൻ ലൈസൻസ് നൽകിയിട്ടുണ്ട്.
കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. നേരത്തേ ഇത്തരം വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമായിരുന്നു. എന്നാൽ, ഇപ്പോൾ അത് നീക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്, സി.പി.എം നേതാവ് വൃദ്ധ കാരാട്ട്, മാധ്യമപ്രവർത്തകർ സിദ്ധാർഥ് വരദരാജൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ അരുൺ ഡ്രീസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ ഗസ്സയിൽ ഇസ്രായേൽ ഉപയോഗിക്കുന്നതായുള്ള വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിന്റെ വിഡിയോകളും വലിയരീതിയിൽ പ്രചരിച്ചിരുന്നു.
Adjust Story Font
16