'സ്വാതന്ത്ര സമര മുന്നേറ്റത്തിന് ലഭിച്ച കൊടിയും ഗാന്ധിയെന്ന പേരും സ്വന്തമാക്കി, കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് 'ഇന്ത്യ' മുന്നണി'; മോദി
ഇത് 'ഇന്ത്യ' മുന്നണി അല്ല അഹങ്കാര മുന്നണി ആണെന്നും പ്രധാനമന്ത്രി ലോക്സഭയില്‍
ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാപകൻ പോലും വിദേശിയാണെന്നും 1920ൽ സ്വാതന്ത്ര സമര മുന്നേറ്റത്തിന് ലഭിച്ച കൊടി ഇവർ സ്വന്തമാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
'തങ്ങളുടെ കുറവുകൾ മറച്ചുവെയ്ക്കുന്നതിന് തെരഞ്ഞെടുപ്പ് ചിഹ്നം വരെ എടുത്തു. എന്നിട്ടും അഹങ്കാരം മാത്രമാണ് കാണിക്കാൻ കഴിയുന്നത്. ഗാന്ധി എന്ന പേരും ഇവർ മോഷ്ടിച്ചു. ഇതെല്ലാം അവരുടെ മനോനില ആണ് കാണിക്കുന്നന്നെും മോദി പറഞ്ഞു.കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് 'ഇന്ത്യ' മുന്നണി. സ്വാതന്ത്ര്യ സമര സേനാനി കൾ എല്ലാ കാലവും കുടുംബ വാഴ്ചക്ക് എതിരായിരുന്നു. ഒപ്പം നിൽക്കുന്ന മക്കളെ ഉയർത്തി കൊണ്ടുവരുന്നു. എല്ലാം ഒരു കുടുംബത്തിന്റെ കയ്യിൽ മാത്രം വേണം എന്ന അവരുടെ താൽപര്യമാണ് ഇത് കാണിക്കുന്നത്. ഇത് 'ഇന്ത്യ' മുന്നണി അല്ല അഹങ്കാര മുന്നണി ആണ്. ഇതിലെ എല്ലാവർക്കും പ്രധാന മന്ത്രിയാകണം.' മോദി പറഞ്ഞു.
ഓരോ സംസ്ഥാനത്തിലും കോൺഗ്രസ് ആർക്കൊപ്പമാണെന്നും മോദി ചോദിച്ചു. കേരളത്തിൽ വയനാട്ടിൽ കോൺഗ്രസ് ഓഫീസ് തകർത്തവർ ഇന്ന് കോൺഗ്രസിന് ഒപ്പമാണ്. ഇപ്പോൾ കൈകൾ കോർത്തവർ സാഹചര്യം മാറിയാൽ കത്തി പുറത്തെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം.കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്സഭയിൽ മറുപടി പറഞ്ഞ മോദി മണിപ്പൂരിനെക്കുറിച്ച് പരാമർശിക്കാത്തതിനെത്തുടർന്നാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തിയത്. അവിശ്വാസപ്രമേയ ചർച്ചയിൽ മറുപടി പറയാനാരംഭിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. രാജ്യത്തെ ജനങ്ങൾ എന്ത് വിശ്വാസത്തിൽ പ്രതിപക്ഷത്തെ സഭയിലേക്ക് അയച്ചോ അവരോടും വിശ്വാസ വഞ്ചന കാണിച്ചു. രാജ്യത്തെക്കാളും പ്രധാനം മുന്നണി ആണെന്ന് പ്രതിപക്ഷം തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16