Quantcast

പ്രത്യേക പാർലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുമെന്ന് റിപ്പോര്‍ട്ട്

സെപ്തംബർ 18 മുതല്‍ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം

MediaOne Logo

Web Desk

  • Updated:

    2023-09-05 08:06:31.0

Published:

5 Sep 2023 6:51 AM GMT

PM Narendra Modi on casteism, PM Narendra Modi on communalism, PM Narendra Modi on corruption
X

നരേന്ദ്ര മോദി

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടു ചെയ്തു. വിഷയത്തിൽ സര്‍ക്കാര്‍ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

സെപ്തംബർ 18 മുതല്‍ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം. ഔദ്യോഗിക പ്രമേയത്തിലൂടെ പേരുമാറ്റം സാധ്യമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.



ജി20 നേതാക്കൾക്ക് സെപ്തംബർ ഒമ്പതിന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡണ്ട് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രസിഡണ്ട് ഓഫ് ഇന്ത്യ എന്നാണ് ഇതുവരെ രാഷ്ട്രപതിയുടെ ഔദ്യോഗിക രേഖകളിൽ ഉണ്ടായിരുന്നത്. ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളാണ് രാജ്യത്തിന്റെ പേരിനെ കുറിച്ച് പരാമർശിക്കുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.



ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഇൻഡ്യ എന്ന പേരിൽ വിശാല സഖ്യം രൂപവത്കരിച്ച സാഹചര്യത്തില്‍ കൂടിയാണ് സർക്കാർ നീക്കം. ഇൻഡ്യ മുന്നണിക്കെതിരെ വിവിധ വേദികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായ ഭാഷയിൽ സംസാരിച്ചിരുന്നു. 'അവർ ഇൻഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ- എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരർത്ഥവും ഉണ്ടാകണമെന്നില്ല' എന്നാണ് ജൂലൈയിൽ മോദി പറഞ്ഞിരുന്നത്.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരണത്തിന് വേണ്ടിയാണ് പാർലമെന്റിന്റെ പ്രത്യേക സെഷൻ എന്ന റിപ്പോർട്ടുമുണ്ട്. ബിൽ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് എതിരാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശം.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഈയിടെ ഇന്ത്യയുടെ പേര് ഭാരത് ആക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയെന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി ഭാരത് ഉപയോഗിച്ചു തുടങ്ങണം. ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് മനസ്സിലാകാനാണ് ഇന്ത്യയെന്ന് ഉപയോഗിച്ചത്. ആ ശീലം നിർത്തണം. സംസാരത്തിലും എഴുത്തിലും ഭാരത് എന്നു തന്നെ പറയണം- എന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നത്.

TAGS :

Next Story